കെ റെയിലിനെ വിമർശിച്ചതിൽ സിപിഎം സൈബ‍ർ ആക്രമണം; പരാതിയില്ലെന്ന് എംഎൻ കാരശ്ശേരി

single-img
28 January 2022

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ റെയിൽ പദ്ധതിക്കെതിരെ വിമർശനം നടത്തിയ കവി റഫീഖ് അഹമ്മദിന് പിന്നാലെ എംഎൻ കാരശ്ശേരിക്കെതിരെയും സിപിഎം സൈബ‍ർ ആക്രമണം . കാരശ്ശേരി നേരത്തെ ജർമ്മനിയിൽ ട്രെയിനിൽ യാത്ര ചെയ്ത ഫോട്ടോ തിരഞ്ഞ് പിടിച്ചാണ് അത് സ്പീഡ് ട്രെയിനായിരുന്നുവെന്ന് പ്രചരിപ്പിച്ച് ഭീഷണിയും അശ്ലീലവും നിറഞ്ഞ കമന്റുകളിടുന്നത്. എന്നാൽ തനിക്ക് ഈ സൈബർ ആക്രമണത്തിൽ പരാതിയില്ലെന്നും തമാശയായെടുക്കുകയാണെന്നും എംഎൻ കാരശ്ശേരി പ്രതികരിച്ചു.

നേരത്തെ സോഷ്യൽ മീഡിയയിൽ കെ റെയിലിനെതിരെ കവിതയെഴുതിയ റഫീക് അഹമ്മദിനെതിരെ സിപിഎം അനുകുലികൾ സൈബ‍ർ ആക്രമണം നടത്തിയിരുന്നു. 2016 ൽ ‍ജർമ്മനി സന്ദർശിച്ചപ്പോൾ ട്രെയിനിൽ സഞ്ചരിക്കുന്ന ഫോട്ടോ കാരശ്ശേരി ഒരിക്കൽ ഫേസ് ബൂക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോ ഐസി ഇ എന്ന അതിവേഗ തീവണ്ടിയാണെന്നും ജർമ്മനിയിൽ ആ ട്രെയിനിൽ യാത്രചെയ്യുന്ന കാരശ്ശേരിക്ക് കേരളത്തിൽ വേഗത വേണ്ടേ എന്നും ചോദിച്ചാണ് ആക്രമണം.

അതേസമയം, ഇത് ജർമ്മനിയിലെ ഒരു സാധാരണ ട്രെയിൽ മാത്രമാണെന്ന് അവിടെ അക്കാലത്തുണ്ടായിരുന്ന ചില വിദ്യാർത്ഥികൾ വിശദീകരിക്കുന്നുണ്ടെങ്കിലും കാരശ്ശേരിയുടെ എഫ്ബി പേജിൽ സൈബറാക്രമണം തുടരുകയാണ്. മറുപടിയില്ലാത്തത് കൊണ്ടാണ് ഇത്തരത്തിൽ വ്യക്തി ഹത്യ നടത്തുന്നതെന്ന് കാരശ്ശേരി പ്രതികരിച്ചു.