അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ച്ചത്തേക്ക് മാറ്റി

single-img
27 January 2022

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപ് ഉൾപ്പെടെയുള്ള ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ച്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട പ്രകാരമാണ് കോടതിയുടെ ഈ നടപടി.

ഇതോടൊപ്പം ബുധനാഴ്ച്ച വരെ ദിലീപിന്റെ അറസ്റ്റും കോടതി തടഞ്ഞിട്ടുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ ആവശ്യം പ്രതി ദിലീപ് നേരത്തെ തള്ളിയിരുന്നു.

തനിക്ക് ഫോണ്‍ ഹാജരാക്കാന്‍ സാധിക്കില്ലെന്നും തന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നുമാണ് ദിലീപിന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഈ ഫോണില്‍ ഇല്ലെന്നും ദിലീപ് ക്രൈംബ്രാഞ്ചിന് നല്‍കിയ മറുപടിയില്‍ പറയുന്നു.