സോളാര്‍ കേസ്; നഷ്ടപരിഹാര വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വിഎസ് അച്യുതാനന്ദന്‍


സോളാര്‍ കേസിൽ ഉമ്മൻചാണ്ടിക്ക് അനുകൂലമായി വന്ന നഷ്ടപരിഹാര വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. കോടതിയിൽ നടക്കുന്ന വ്യവഹാരങ്ങളില്‍ നീതി എപ്പോഴും കീഴ്‌കോടതിയില്‍ നിന്നും കിട്ടികൊള്ളണമില്ലെന്ന മുന്‍കാല നിയമപോരാട്ടങ്ങളില്‍ പലതിലും കണ്ടതാണ് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സോളാര്‍ കേസില്‍ താൻ ഉമ്മന്‍ ചാണ്ടിക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഉമ്മന്‍ ചാണ്ടിക്ക് അപകീര്‍ത്തിപരമായി തോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നല്‍ ആണെന്നും വിഎസ് തന്റെ കുറിപ്പിലൂടെ പ്രതികരിച്ചു.
വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:
സോളാർ അഴിമതിയിൽ ശ്രീ. ഉമ്മൻ ചാണ്ടിയുടെ പങ്കിനെപറ്റി ‘റിപ്പോർട്ടർ ചാനൽ’ അഭിമുഖത്തിൽപറഞ്ഞ കാര്യങ്ങൾ ശ്രീ. ഉമ്മൻ ചാണ്ടിക്ക് അപകീർത്തികരമാണ് എന്നു പറഞ്ഞാണ് നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തത്. എന്നാൽ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ.വി .എസ്സ് പറഞ്ഞ കാര്യങ്ങൾ അടങ്ങിയ മുഖാമുഖം രേഖകൾ ഒന്നും തന്നേ ശ്രീ.ഉമ്മൻചാണ്ടി കോടതിയിൽഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ശ്രീ.ഉമ്മൻചാണ്ടിയുടെ പങ്കുതെളിയിക്കുന്ന, അദ്ദേഹം തന്നെ നിയമിച്ചിരുന്ന ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ റിപ്പോർട്ടും തുടർന്ന് ഗവണ്മെന്റ് റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് ശ്രീ.ഉമ്മൻ ചാണ്ടിയ്ക്കെതിരെ എടുത്ത നടപടി റിപ്പോർട്ടും ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാർ സാക്ഷിയായി വന്നു തെളിയിച്ചിട്ടുണ്ട്.
ഈ വസ്തുതകൾ ഒന്നും പരിഗണിക്കാതെയുള്ള 22/01/2022 ലെ ബഹുമാനപ്പെട്ട സബ്കോടതി വിധിക്കു എതിരെ അപ്പീൽ നടപടി സ്വീകരിക്കുമെന്ന് വി.എസ്സിന്റെ ഓഫീസ് അറിയിച്ചു.
കോടതി വ്യവഹാരങ്ങളിൽ നീതി എപ്പോഴും കീഴ്കോടതിയിൽ നിന്നും കിട്ടികൊള്ളണമില്ലെന്ന മുൻകാല നിയമപോരാട്ടങ്ങളിൽ പലതിലും കണ്ടതാണ്. സോളാർ കേസിൽ ശ്രീ.ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ ശ്രീ.ഉമ്മൻ ചാണ്ടിക്ക് അപകീർത്തിപരമായിതോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നൽ ആണ്. പരാമർശങ്ങൾക്ക്അടിസ്ഥാനമായ സോളാർ കമ്മീഷൻ റിപ്പോർട്ട് ചോദ്യം ചെയ്ത് ശ്രീ.ഉമ്മൻ ചാണ്ടിതന്നെ ഹൈക്കോടതിയിൽ പോയിരുന്നു എങ്കിലും അത് തള്ളി പോവുകയായിരുന്നു.
സോളാർ കമ്മീഷൻ കണ്ടെത്തിയ വസ്തുതകൾ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പൊതുശ്രദ്ധയിൽ കൊണ്ട് വരുന്നത് പൊതു പ്രവർത്തകൻ എന്ന കർത്തവ്യബോധം മുൻനിർത്തി ഉള്ളത് ആണ് എന്ന് അപ്പീൽകോടതി കണ്ടെത്തും എന്ന് ഉറപ്പ് ഉള്ളതിനാലും, കീഴ്കോടതിയുടെ വിധി യുക്തി സഹമല്ലാത്തതിനാലും ഇത് കീഴ്കോടതി വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകൾ വിലയിരുത്തിയുള്ള നടപടിക്രമങ്ങൾ ആയിരുന്നു അവലംബിക്കേണ്ടിയിരുന്നത് എന്ന ഒരു അഭിപ്രായംകൂടി അപ്പീൽ കോടതി നടത്തും എന്ന പ്രത്യാശയിൽ, അപ്പീൽ നടപടികളും ആയി മുന്നോട്ട് പോകുമെന്ന് ഓഫീസ് അറിയിച്ചു.