വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലും എത്തുമെന്നുറപ്പാക്കേണ്ടതുണ്ട്; റിപ്പബ്‌ളിക് ദിന സന്ദേശവുമായി മുഖ്യമന്ത്രി

single-img
25 January 2022

രാജ്യത്തിന്റെ ഭരണഘടനയുടെ അന്തഃസത്ത നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ ഭരണഘടനയുടെ അന്തഃസത്തയെ തകര്‍ക്കാന്‍ ശക്തമായ ശ്രമങ്ങളാണ് വിഭാഗീയതയില്‍ വേരുകളാഴ്ത്തി വളരുന്ന വര്‍ഗീയ രാഷ്ട്രീയം ഇന്നു നടത്തിവരുന്നത്.

ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാരത്തിന്റെ കവരാനായി നോക്കുകയാണ്. മതേതരത്വത്തില്‍ അധിഷ്ഠിതമായ രാഷ്ട്രസങ്കല്പത്തെ തകര്‍ത്ത്, അതിനെ ഭൂരിപക്ഷമതത്തില്‍ ചേര്‍ത്തു വയ്ക്കുകയാണ്. ജനാധിപത്യത്തിന്റെ അര്‍ത്ഥം തന്നെ പതുക്കെ ചോര്‍ത്തുകയാണ്. ഈ വിപത്തുകള്‍ക്കെതിരെ ഒത്തൊരുമിച്ചുള്ള പോരാട്ടം ജനാധിപത്യവിശ്വാസികളില്‍ നിന്നും കരുത്തോടെ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും റിപ്പബ്ലിക് ദിനാശംസ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ സന്ദേശം പൂർണ്ണരൂപം:

ഇന്ത്യയെന്ന ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സത്ത കുടികൊള്ളുന്ന നമ്മുടെ ഭരണഘടന നിലവില്‍ വന്നിട്ട് ഇന്നേക്ക് 73 വര്‍ഷം തികയുകയാണ്. ഡോ. ബി.ആര്‍ അംബേദ്കര്‍ അഭിപ്രായപ്പെട്ടതു പോലെ: ‘ഭരണഘടന കേവലം ഒരു നിയമ പുസ്തകമല്ല. ജീവിതത്തിന്റെ ചാലകശക്തിയാണ്. അതില്‍ തുടിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ആത്മാവാണ്’. മറ്റൊരു രാജ്യത്തും കാണാനാകാത്ത വിധം വിപുലമായ സാംസ്‌കാരിക വൈവിധ്യമുണ്ടായിട്ടും ഇന്ത്യയെന്ന ആശയത്തെ മൂര്‍ത്തവല്‍ക്കരിക്കുന്നത് ഭരണഘടനയാണ്.

അതിവിശാലമായ ഈ ഭൂപ്രദേശത്തിലെ അന്തേവാസികളെ ഒരു മാലയിലെന്നപോല്‍ കോര്‍ത്തിട്ട പട്ടുനൂലാണ് ഭരണഘടന. അതിന്റെ അന്തഃസത്തയെ തകര്‍ക്കാന്‍ ശക്തമായ ശ്രമങ്ങളാണ് വിഭാഗീയതയില്‍ വേരുകളാഴ്ത്തി വളരുന്ന വര്‍ഗീയ രാഷ്ട്രീയം ഇന്നു നടത്തിവരുന്നത്. ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ നോക്കുകയാണ്. മതേതരത്വത്തില്‍ അധിഷ്ഠിതമായ രാഷ്ട്രസങ്കല്പത്തെ തകര്‍ത്ത്, അതിനെ ഭൂരിപക്ഷമതത്തില്‍ ചേര്‍ത്തു വയ്ക്കുകയാണ്.

ജനാധിപത്യത്തിന്റെ അര്‍ത്ഥം തന്നെ പതുക്കെ ചോര്‍ത്തുകയാണ്. ഈ വിപത്തുകള്‍ക്കെതിരെ ഒത്തൊരുമിച്ചുള്ള പോരാട്ടം ജനാധിപത്യവിശ്വാസികളില്‍ നിന്നും കരുത്തോടെ ഉയര്‍ന്നു വരേണ്ടതുണ്ട്. ഭരണഘടനയുടെ അന്തഃസത്ത നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കുമെന്ന് ഈ റിപ്പബ്‌ളിക് ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം.കൊവിഡ് മഹാമാരിയേല്‍പ്പിച്ച ആഘാതങ്ങളില്‍ നിന്നും മുക്തി നേടി നമ്മുടെ സംസ്ഥാനം പുരോഗതിയുടെ പാതയില്‍ കൂടുതല്‍ വേഗത്തില്‍ കുതിക്കേണ്ട ഈ ഘട്ടത്തില്‍ അത്തരത്തിലുള്ള ഐക്യമനോഭാവം കൂടുതല്‍ പ്രസക്തമാവുകയാണ്. നാടിന്റെ പുരോഗതിക്കായി കൈകോര്‍ത്തു നില്‍ക്കേണ്ട സമയമാണിത്.

ആ ഐക്യത്തിനും പുരോഗതിയുടെ പാതയ്ക്കും തുരങ്കം വയ്ക്കുന്ന വിധ്വംസക ശക്തികളെ തിരിച്ചറിയാനും പരാജയപ്പെടുത്താനും കേരള ജനത ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് പൂര്‍ണ്ണവിശ്വാസമുണ്ട്. എല്ലാ കുപ്രചാരണങ്ങളെയും തള്ളിക്കളയാനും വ്യാജ പ്രചാരകര്‍ക്കും സങ്കുചിത താല്‍പര്യക്കാര്‍ക്കും അര്‍ഹിക്കുന്ന മറുപടി നല്‍കാനുമുള്ള ആര്‍ജവം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലും എത്തുമെന്നുറപ്പാക്കേണ്ടതുണ്ട്.

അതിനാല്‍ സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ പറ്റാത്ത കാലത്തോളം രാജ്യത്തിന്റെ ഭരണഘടന അതിന്റെ പൂര്‍ണ്ണ അര്‍ഥത്തില്‍ പ്രായോഗികവല്‍ക്കരിക്കപ്പെടുകയില്ല എന്ന യാഥാര്‍ഥ്യം മനസ്സിലാക്കി സ്വാതന്ത്ര്യവും സാഹോദര്യവും സമത്വവും കളിയാടുന്ന ഇന്ത്യയ്ക്കായി കൈകോര്‍ത്തു മുന്നേറാം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം റിപ്പബ്‌ളിക് ദിന ആശംസകള്‍.