ലൈഫ് പദ്ധതിയില്‍ വീട് വേണ്ട; പുനരധിവാസം ഉറപ്പാക്കാതെ കെ റെയിലിന് ഭൂമി കൈമാറില്ലെന്ന് ഉടമകള്‍

single-img
23 January 2022

തങ്ങൾക്ക് നഷ്ടമാകുന്നഭൂമിക്കു പകരം സ്ഥലവും വീടും ജീവനോപാധിയും ഉറപ്പാക്കാതെ കെ റെയില്‍ പദ്ധതിക്കായി ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കില്ലെന്ന് കണ്ണൂര്‍ ജില്ലയിലെ കണ്ടങ്കാളിയിലെ ഭൂവുടമകള്‍. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ ആരംഭിച്ച സാമൂഹിക ആഘാത പഠനത്തിനിടെയാണ് നാട്ടുകാരുടെ ഈ രീതിയിലുള്ള പ്രതികരണം.

സർക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഉൾപ്പെട്ട വീട് വേണ്ടെന്നും വാസയോഗ്യമായ സ്ഥലവും വീട് നിര്‍മാണത്തിനുള്ള തുകയും സർക്കാർ അനുവദിക്കണമെന്നാണ് ഭൂരിപക്ഷത്തിന്റെയും ആവശ്യം. പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍ ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ പഠനം ആരംഭിച്ചത്.

ജില്ലയിലെ കണ്ടങ്കാളി പ്രദേശത്തെ കുടിയൊഴിപ്പിക്കപ്പെടുന്ന പത്തോളം കുടുംബങ്ങളെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. നേരത്തെ തന്നെ തയ്യാറാക്കിയ മുപ്പതോളം ചോദ്യങ്ങള്‍ക്ക് കുടിയൊഴിപ്പിക്കപ്പെടുന്നവരില്‍ നിന്ന് ഉത്തരം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുകയാണ് ആദ്യഘട്ടം. 20.5 കോടി രൂപയാണ് സാമൂഹികാഘാത പഠനത്തിനായി മാത്രം നിലവില്‍ അനുവദിച്ചിരിക്കുന്നത്.