കർഷകർ നടത്തുന്ന പ്രക്ഷോഭം പഞ്ചാബ് തെരഞ്ഞെടുപ്പിൽ ബിജെ പി യെ ബാധിക്കില്ല: ഷാസിയ ഇൽമി

single-img
23 January 2022

കർഷകർ ഇപ്പോൾ നടത്തുന്ന പ്രക്ഷോഭം പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ ബാധിക്കില്ലെന്ന് ബിജെപിയുടെ സംസ്ഥാനത്തെ താരപ്രചാരക ഷാസിയ ഇൽമി. കാർഷിക നിയമങ്ങളുടെ നല്ല വശം കേന്ദ്രത്തിന് ജനങ്ങളെ ബോധ്യപ്പടുത്താൻ കഴിയാത്തതിനാലാണ് കാർഷിക ബിൽ പിൻവലിച്ചത്.

പഞ്ചാബിലുള്ള കർഷക സംഘടനകൾ സംസ്ഥാനത്തെ കോൺഗ്രസിനെയോ ആ ആദ്മി പാർട്ടിയെയോ പിന്തുണയ്ക്കുന്നില്ല. ഈ കർഷകർ ആർക്ക് അനുകൂലമോ പ്രതികൂലമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഷാസിയ ഇൽമി വ്യക്തമാക്കി.

അതേസമയം, തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്നത് വ്യാജ മതേതരത്വമാണെന്നും കേരളത്തിലുള്ള ജനങ്ങൾ കോൺഗ്രസിന്റെ കപട മുഖം തിരിച്ചറിയണമെന്നും ഷാസിയ ഇൽമി കേരളത്തിൽ നിന്നുള്ള ഒരു ചാനലിൽ പ്രതികരിച്ചു.

നേരത്തെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് ആദ്യമായി സമരത്തിനിറങ്ങിയത് പഞ്ചാബിൽ നിന്നുള്ള കര്‍ഷകരായിരുന്നു. തൊട്ടു പിന്നാലെ ഈസമരം രാജ്യമാകെ ആളിപ്പടര്‍ന്നു. അവസാനം കർഷക ക്ഷേമത്തിനെന്ന പേരിൽ കൊണ്ടുവന്ന വിവാദ നിയമങ്ങൾ പിൻവലിച്ച് മോദി സർക്കാരിന് മുട്ടുമടക്കേണ്ടി വന്നിരുന്നു.