പൊതുപരിപാടി വിലക്കിയുള്ള ഉത്തരവ് മണിക്കൂറുകള്‍ക്കം പിന്‍വലിച്ച് കാസർകോട് കളക്ടര്‍; സമ്മര്‍ദ്ദമുണ്ടായിട്ടില്ല എന്ന് വിശദീകരണം

single-img
21 January 2022

കൊവിഡ് വ്യാപനം കൂടിയതിനാൽ കാസര്‍കോട് ജില്ലയില്‍ പൊതു പരിപാടികള്‍ അനുവദനീയമല്ലെന്ന സ്വന്തം ഉത്തരവ് കേവലം രണ്ടുമണിക്കൂറിനുള്ളില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് തന്നെ പിന്‍വലിച്ചു. നേരത്തെ നിശ്ചയിച്ച പൊതുപരിപാടികള്‍ മാറ്റിവെക്കണമെന്നാണ് കളക്ടറുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഈ ഉത്തരവ് പ്രകാരം ആള്‍ക്കൂട്ടം അനുവദിച്ചുകൊണ്ടുള്ള എല്ലാ പൊതുപരിപാടികളും ജില്ലയില്‍ നിരോധിച്ചിരുന്നു.

കഴിഞ്ഞ ദിവസം 36.6 ശതമാനമാണ് ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം, ഇന്നലത്തെ കോവിഡ് അവലോകന യോഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിനനുസൃതമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് എന്നാണ് നിര്‍ദേശിക്കുന്നതെന്നും ഈ സാഹചര്യത്തിലാണ് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് തിരുത്തുന്നതെന്നാണ് കളക്ടർ നടത്തിയ വിശദീകരണം.

അതേസമയം സിപിഎമ്മിന്റെ കാസര്‍കോട് ജില്ലാ സമ്മേളനം സുഗമമായി നടത്താന്‍ വേണ്ടിയാണ് ഉത്തരവ് തിടുക്കത്തില്‍ പിന്‍വലിച്ചതെന്നാണ് വിമര്‍ശനം ഉയരുന്നത്. സിപിഎം സമ്മേളനം നടക്കുന്ന മടിക്കൈ പഞ്ചായത്തില്‍ 67 ശതമാനമാണ് കഴിഞ്ഞ ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സർക്കാർ പുറപ്പെടുവിച്ച പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് കാസര്‍കോട് നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുന്നില്ല.

താൻ തന്നെ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാന്‍ ഏതെങ്കിലും രീതിയിലുള്ള സമ്മര്‍ദം ചെലുത്തിയതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഫേസ് ബുക്ക് പേജിലൂടെ അറിയിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഞങ്ങള്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അത് റദ്ദാക്കിയതെന്നും കളക്ടർ പറയുന്നു.