ഇന്ത്യാ വിരുദ്ധ വ്യാജവാർത്ത; പാകിസ്ഥാനിൽ നിന്നുള്ള 35 യൂട്യൂബ് ചാനലുകളും 2 വെബ്‌സൈറ്റുകളും കേന്ദ്രസർക്കാർ നിരോധിച്ചു

single-img
21 January 2022

ഇന്ത്യാ വിരുദ്ധമായ വ്യാജവാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാനിൽ നിന്നുള്ള 35 യൂട്യൂബ് ചാനലുകളും 2 വെബ്‌സൈറ്റുകളും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ത്യയിൽ നിരോധിച്ചു.ഈ യൂട്യൂബ് അക്കൗണ്ടുകൾക്ക് ആകെ 1 കോടി 20 ലക്ഷത്തിലധികം വരിക്കാരുണ്ട്.

ഇതോടൊപ്പം ഇൻറർനെറ്റിലൂടെ ഇന്ത്യാ വിരുദ്ധമായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് രണ്ട് ട്വിറ്റർ അക്കൗണ്ടുകൾ, രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട് എന്നിവയും മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.

2021-ലെ കേന്ദ്ര ഇൻഫർമേഷൻ ടെക്‌നോളജി ചട്ടങ്ങൾ – ചട്ടം 16 പ്രകാരം പുറപ്പെടുവിച്ച അഞ്ച് വ്യത്യസ്ത ഉത്തരവുകൾ അനുസരിച്ച്, പാകിസ്ഥാൻ അടിസ്ഥാനമാക്കിയുള്ള ഈ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യുന്നുവെന്നാണ് സര്‍ക്കാറിന്റെ ഉത്തരവ് പറയുന്നത്.

ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾ ഈ സോഷ്യൽ മീഡിയാ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയും അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രാലയത്തിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള 14 യൂട്യൂബ് ചാനലുകൾ പ്രവർത്തിപ്പിക്കുന്ന അപ്നി ദുനിയ നെറ്റ്‌വർക്ക്, 13 യൂട്യൂബ് ചാനലുകൾ പ്രവർത്തിപ്പിക്കുന്ന തൽഹ ഫിലിംസ് നെറ്റ്‌വർക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

നാല് ചാനലുകളുടെ ഒരു ശൃംഖലയും മറ്റ് രണ്ട് ചാനലുകളുടെ ഒരു ശൃംഖലയും പരസ്പരം സമന്വയത്തിൽ പ്രവർത്തിക്കുന്നതായും കണ്ടെത്തി. പാകിസ്ഥാൻ ടിവി വാർത്താ ചാനലുകളുടെ അവതാരകരാണ് ചില യൂട്യൂബ് ചാനലുകൾ നടത്തിയിരുന്നത്.