യുപിയിൽ വോട്ട് ചോദിച്ചെത്തിയ ബിജെപി എംഎല്‍എയെ ആട്ടിയോടിച്ച് നാട്ടുകാര്‍

single-img
20 January 2022

യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിതന്റെ സിറ്റിങ് മണ്ഡലത്തില്‍ വോട്ട് ചോദിച്ചെത്തിയ ബിജെപി എംഎല്‍എയെ ആട്ടിയോടിച്ച് നാട്ടുകാര്‍. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. സംസ്ഥാനത്തെ ഖതൗലി മണ്ഡലത്തിലെ എംഎല്‍എ വിക്രം സിങ് സൈനിയെ ആണ് നാട്ടുകാര്‍ ഓടിച്ചത്.

നാട്ടുകാര്‍ഒരുമിച്ചുനിന്ന് കൂട്ടം കൂടി എംഎല്‍എക്ക് എതിരെ മുദ്രാവാക്യം വിളിച്ചതോടെ ഇദ്ദേഹം സഞ്ചരിച്ച വാഹനം പ്രദേശം വിട്ട് പോവുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായെത്തിയ വിക്രം സിങ് സൈനിയെ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ആളുകള്‍ സമ്മതിച്ചില്ല.

അതേസമയം, നേരത്തെ തന്നെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള വ്യക്തിയാണ് വിക്രം സിങ് സൈനി. വിദ്വെഷം വമിക്കുന്ന പരാമര്‍ശങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയ വ്യക്തികൂടിയാണ് ഇദ്ദേഹം. ജമ്മു കാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര ഗവണ്‍മെന്റ് എടുത്തുകളഞ്ഞ നടപടിക്ക് പിന്നാലെ ‘ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ ‘കശ്മീരില്‍ നിന്നുള്ള സുന്ദരികളായ പെണ്‍കുട്ടികളെ വിവാഹം കഴിക്കാമെന്നും, സര്‍ക്കാര്‍ തീരുമാനം ‘ആവേശം’ ഉണ്ടാക്കുന്നതാണെന്നുമായിരുന്നു’ സൈനിയുടെ വിവാദ പ്രസ്താവനകളില്‍ ഒന്ന്.