നടി നിക്കി ഗൽറാണിയുടെ വീട്ടിലെ മോഷണം; 19കാരൻ അറസ്റ്റിൽ

single-img
19 January 2022

പ്രശസ്ത തെന്നിന്ത്യൻ നടി നിക്കി ഗൽറാണിയുടെ ചെന്നൈയിലുള്ള വീട്ടിൽ നടന്ന മോഷണത്തിൽ 19കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ റോയപേട്ട് ഏരിയയിലെ അപാർട്മെന്റിൽ നടന്ന മോഷണത്തിൽ പണത്തോടൊപ്പം 40,000 രൂപ വിലവരുന്ന ക്യാമറയും, അലമാരയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളും നഷ്ടമായിരുന്നു.

പോലീസ് പിടിയിലായ 19കാരനായ ധനുഷ് നടിയുടെ വീട്ടിൽതന്നെ ജോലി ചെയ്യുന്ന ആളാണ്. അവസാന അഞ്ച് മാസമായി ഇയാൾ നിക്കിയുടെ വീട്ടിൽ ജോലി ചെയ്തു വരികയാണ്. ഈ മാസം 11 നാണ് മോഷണം നടക്കുന്നത്. മോഷ്ടാവ് മോഷണ വസ്തുക്കളുമായി കടന്നുകളഞ്ഞുവെന്നായിരുന്നു നിക്കി പരാതി നൽകിയിരുന്നത്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്താലാണ് ധനുഷ് തന്നെയാണ് മോഷണം നടത്തിയത് എന്ന് സ്ഥിരീകരിച്ചത്. ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നടിയുടെ മോഷണം പോയ വസ്തുക്കളും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. നിലവിൽ ഇയാളെ ചോദ്യം ചെയ്യാനായി ചെന്നൈയിൽ എത്തിച്ചിരിക്കുകയാണ്.