വേർപിരിയാനുള്ളത് പരസ്പരം ചർച്ച ചെയ്തെടുത്ത തീരുമാനം; ധനുഷിനെയും ഐശ്വര്യയെയും ഭാവിയിൽ ഒരുമിച്ച് ഒരേവേദിയിൽ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല
ദക്ഷിണേന്ത്യൻ സിനിമാലോകത്തെയാകെ ഞെട്ടിച്ച വാർത്തകളിലൊന്നായിരുന്നു തമിഴ് യുവ സൂപ്പർ താരം ധനുഷും ഭാര്യയായ രജനീകാന്തിന്റെ മകൾ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം. ഇരുവർക്കുമിടയിൽ വ്യക്തിവൈരാഗ്യമോ ദേഷ്യമോ ഇല്ലായിരുന്നെന്നും വേർപിരിയാനുള്ള തീരുമാനം കഴിഞ്ഞ ആറുമാസത്തിനുള്ളിൽഇവർ പരസ്പരം ചർച്ച ചെയ്തെടുത്ത തീരുമാനമായിരുന്നെന്നും കുടുംബസുഹൃത്തുക്കൾ പറയുന്നു.
ഇവരുടെ രണ്ട് മക്കളെയും ഇരുവരും ചേർന്ന് തന്നെ ഇനിയും വളർത്തുമെന്നും ഭാവിയിൽ ഇവരെ ഒരുമിച്ച് ഒരേവേദിയിൽ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ലെന്നും സുഹൃത്തുക്കൾ പറയുകയുണ്ടായി. അതേസമയം, സിനിമാ മേഖലയിലെ ജോലിയോടുള്ള ധനുഷിന്റെ അമിത സ്നേഹമാണ് ഇപ്പോൾ 18 വർഷം നീണ്ട ദാമ്പത്യജീവിതത്തിൽ വിള്ളൽ വീഴ്ത്തിയതെന്ന് സുഹൃത്ത് പറയുന്നു.
കുടുംബത്തിൽ ഐശ്വര്യയുമായി എന്തെങ്കിലും രീതിയിൽ പ്രശ്നങ്ങൾ ഉണ്ടായാൽ ധനുഷ് ഉടനെ പുതിയ സിനിമയുടെ കരാർ ഒപ്പുവയ്ക്കുമെന്ന് ഇദ്ദേഹം പറയുന്നു. ഐശ്വര്യയുമായി ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിനായി ധനുഷ് പലപ്പോഴും സിനിമയെ ഒരു മറയാക്കിയിരുന്നെന്നും പണ്ടേതന്നെ അന്തർമുഖനായ ധനുഷിന് പലകാര്യങ്ങളും തുറന്നു സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നെന്നും സുഹൃത്തുക്കൾ പറയുന്നു.