കൊവിഡ് മൂന്നാം തരംഗത്തെ നേരിടുമ്പോഴും സാമ്പത്തിക വളർച്ച നിലനിർത്തുന്നു; പ്രതീക്ഷകളുടെ പൂച്ചെണ്ടാണ് ഇന്ത്യ ലോകത്തിന് നൽകുന്നതെന്ന് പ്രധാനമന്ത്രി

single-img
18 January 2022

ഈ കാലഘട്ടത്തിലും പ്രതീക്ഷകളുടെ പൂച്ചെണ്ടാണ് ഇന്ത്യ ലോകത്തിനു നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിന്റെ മൂന്നാം തരംഗം നല്ല രീതിയിൽ നേരിടുമ്പോഴും രാജ്യം സാമ്പത്തിക വളർച്ച നിലനിർത്തുന്നുണ്ടെന്നു നരേന്ദ്ര മോദി തന്‍റെ അഭിസംബോധനയില്‍ ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജൻഡ ഉച്ചകോടിയിൽ സംസാരിക്കവേ പറഞ്ഞു.

കൊവിഡ് രൂക്ഷമായപ്പോൾ രാജ്യത്ത് വലിയ പരിഷ്കാരങ്ങള്‍ നടന്നു. ഇപ്പോള്‍ ഇന്ത്യ കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുകയാണ്. രാജ്യം കൊവിഡ് കാലത്ത് നടപ്പിലാക്കിയ ശരിയായ വിധത്തിലുള്ള പരിഷ്കരണ നടപടികളെ ആഗോള സാമ്പത്തിക വിദഗ്ധർ പ്രശംസിച്ചിട്ടുണ്ട്.

വെറും ഒരു വർഷത്തിനുള്ളിൽ ഇന്ത്യ 160 കോടി ഡോസ് കോവിഡ് വാക്സീൻ നൽകി. ജനാധിപത്യത്തോടുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള പ്രതീക്ഷ ഇന്ത്യ ലോകത്തിനു സമ്മാനിച്ചുവെന്ന് മോദി പറഞ്ഞു. കോവിഡ് വ്യാപനം സംഭവിക്കുമ്പോൾ ഏക ഭൂമി, ഏക ആരോഗ്യം എന്നതായിരുന്നു ഇന്ത്യയുടെ കാഴ്ചപ്പാട്. ധാരാളം രാജ്യങ്ങളിലേക്കു മരുന്നുകൾ അയച്ചതുവഴി ദശലക്ഷക്കണക്കിനു മനുഷ്യജീവനുകൾ രക്ഷിക്കാനായി. ഇന്നു ലോകത്തിന്റെ ഫാർമസിയാണ് ഇന്ത്യ.

പ്രതിസന്ധിഉണ്ടാകുന്ന ഘട്ടത്തിൽ ഐടി മേഖല മുഴുവൻ സമയവും ജോലി ചെയ്തു. ലോകത്തിനു വളരെയേറെ സോഫ്‍റ്റ്‍‌വെയർ പ്രഫഷനലുകളെയാണ് രാജ്യം സംഭാവന ചെയ്തത്. ആരോഗ്യസേതു ആപ്പ്, കോവിൻ പോർട്ടൽ എന്നിവ ഇന്ത്യയുടെ അഭിമാന സംരംഭങ്ങളാണ് മോദി പറഞ്ഞു.