കോവിഡ് വ്യാപനം രൂക്ഷം; റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

single-img
18 January 2022

രാജ്യമാകെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. ആഘോഷ പരിപാടികൾക്ക് ആകെ 19000 പേരെ മാത്രമേ ക്ഷണിച്ചിട്ടുള്ളു. അതേസമയം കഴിഞ്ഞ വർഷം കോവിഡ് പകർച്ച വ്യാധിക്കിടയിൽ നടന്ന പരേഡിൽ ഏകദേശം 1.25 ലക്ഷം ആളുകളെ അനുവദിച്ചിരുന്നു.

മാത്രമല്ല, ഇത്തവണ റിപബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരാരും ഇല്ലെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. ഇത്തരത്തിൽ തുടർച്ചയായ രണ്ടാം വർഷമാണ് വിദേശ പ്രമുഖരില്ലാതെ ഇന്ത്യ അതിന്റെ റിപബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നത്. ഇത്തവണ റിപ്പബ്ലിക് ദിന പരേഡ് പതിവിലും അര മണിക്കൂർ വൈകിയായിരിക്കും തുടങ്ങുകയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാജ്യ തലസ്ഥാനത്തെ പ്രതികൂലമായ കാലാവസ്ഥയെ കണക്കിലെടുത്താണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഈ തീരുമാനം. സാധാരണയായി റിപബ്ലിക് ദിനത്തിൽ 10 മണിക്ക് തുടങ്ങാറുള്ള പരേഡ് 10.30 ന് ആയിരിക്കും ആരംഭിക്കുക. കേന്ദ്രം ഈ വർഷത്തെ റിപ്പബ്ലിക് ദിനം ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിലാണ് ആഘോഷിക്കുന്നത്. ജനുവരി 26 ന് രാജ്പഥിൽ നടക്കുന്ന പ്രധാന പരേഡിലും ജനുവരി 29 ന് നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ‘ചടങ്ങിലും’ പൊതു ജനങ്ങൾക്ക് നിരവധി കാര്യങ്ങൾ കാണാനുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിപ്പിൽ പറഞ്ഞു.