പിങ്ക് പോലീസിന്റെ പരസ്യ വിചാരണ; പെൺകുട്ടിയോട് മാപ്പ് പറഞ്ഞ് സംസ്ഥാന പോലീസ് മേധാവി

single-img
17 January 2022

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ പിങ്ക് പോലീസ് മോഷണക്കുറ്റം ആരോപിച്ചുകൊണ്ടു കൊച്ചുപെൺകുട്ടിയെയും പിതാവിനെയും പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ ഡിജിപി അനില്‍ കാന്ത് മകളോട് മാപ്പ് ചോദിച്ചതായി കുട്ടിയുടെ പിതാവ് ജയചന്ദ്രന്‍.സംഭവത്തിൽ ഇതുവരെ പോലീസ് സ്വീകരിച്ച നടപടികളില്‍ തൃപ്തനല്ലാത്ത കാരണമാണ് ഹൈകോടതി ഉത്തരവ് നേരിട്ട് കൈമാറാന്‍ എത്തിയത്. സംഭവത്തിന് ഉത്തരവാദിയായ പിങ്ക് പോലീസ് ഉദ്യോഗസ്ഥയ് ക്കെതിരെ ഉടന്‍ നടപടി ഉണ്ടാകുമെന്ന് ഡിജിപി ഉറപ്പ് നല്‍കിയതായും ജയചന്ദ്രന്‍ അറിയിച്ചു.

പിങ്ക് പോലീസ് പരസ്യ വിചാരണയിൽ കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുവാനും, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുവാനും കേരളാ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഈ ഉത്തരവ് കൈമാറാന്‍ ജയചന്ദ്രന്‍ മകളോടൊപ്പം എത്തിയപ്പോഴായിരുന്നു സംസ്ഥാന പോലീസ് മേധാവിയുടെ ഖേദപ്രകടനം ഉണ്ടായത്.

വാഹനത്തിൽ ഉണ്ടായിരുന്ന തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിത ജയചന്ദ്രനെയും മകളായ എട്ട് വയസുകാരിയെയും റോഡിൽ പൊതു മധ്യത്തില്‍ അപമാനിച്ചത്. എന്നാൽ പിന്നീട് ഫോണ്‍ സ്വന്തം ബാഗിനുള്ളില്‍ നിന്ന് കണ്ടെത്തിയിരുന്നെങ്കിലും ക്ഷമ ചോദിക്കാന്‍ രജിത തയ്യാറായിരുന്നില്ല.