തെരഞ്ഞെടുപ്പ് കാലത്തെ സ്ഥിരം തന്ത്രവുമായി യോഗി; ദളിത് കുടുംബത്തിലെത്തി ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ ട്വീറ്റ് ചെയ്തു

single-img
14 January 2022

എല്ലാ തെരഞ്ഞെടുപ്പുകളിലും പയറ്റുന്ന സ്ഥിരം അടവുതന്നെ ഇത്തവണയും നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ യുപിയിൽ പയറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. തന്റെ മന്ത്രിസഭയിൽ നിന്നും ദളിത് പ്രാധാന്യം ബിജെപി കാണിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് മന്ത്രിമാരും എംഎല്‍എമാരുമടക്കം എട്ടോളം നേതാക്കള്‍ പാര്‍ട്ടി വിടുകയും എസ്.പിയില്‍ ചേരുകയും ചെയ്ത സാഹചര്യത്തില് പിന്നാക്ക വിഭാഗക്കാരനായ ഒരാളുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചാണ് യോഗി ഇതിനെ മറികടക്കാൻ ശ്രമിക്കുന്നത്.

സംസ്ഥാനത്തെ ദളിത് വോട്ടുകള്‍ എത്രത്തോളം ബിജെപിക്ക് പ്രധാനപ്പെട്ടതാണ് എന്ന് തെളിയിക്കുന്നത് കൂടിയാണ് യോഗിയുടെ ഈ പ്രകടനം. ജനങ്ങളുടെ കണ്ണില് പൊടിയിടാൻ ശ്രമിക്കുന്ന ഈ ചിത്രത്തില് ദളിത് കുടുംബത്തോടൊപ്പം ഇരിക്കാതെ കുറച്ച് ദൂരം വിട്ടിരുന്നാണ് യോഗി ഭക്ഷണം കഴിക്കുന്നത് എന്ന് കാണാൻ സാധിക്കും.

‘മകരസംക്രാന്തി ദിനത്തില്‍ എന്നെ ഭക്ഷണത്തിനായി വീട്ടിലേക്ക് ക്ഷണിച്ച പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഭാരതിയോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. ഇതിലൂടെ സാമൂഹിക സഹവര്‍ത്തിത്വം വളരുകയാണ് ‘ എന്നായിരുന്നു യോഗി ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്തത്.