നിയന്ത്രണങ്ങൾക്ക് പുല്ലുവില; തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സംഘടിപ്പിച്ച് സിപിഎം

single-img
12 January 2022

ഒമിക്രോൺ വൈറസ് വ്യാപന ജാഗ്രതയിൽ ആൾക്കൂട്ട നിയന്ത്രണം നിലനിൽക്കെ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര സംഘടിപ്പിച്ച് സിപിഎം . തലസ്ഥാനത്തെ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്.

സമീപ ദിവസങ്ങളിൽ കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കാനായി സര്‍ക്കാര്‍ ഒരു ഭാഗത്തു ശക്തമായ നടപടികളെടുക്കുമ്പോഴാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കം നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് ഇത്തരമൊരു പരിപാടി നടന്നത്..

കേരളത്തിൽ കഴിഞ്ഞ ദിവസം ആൾക്കൂട്ടങ്ങൾക്ക് കർശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹ-മരണ ചടങ്ങുകളിൽ പങ്കെടുക്കാവുന്നത് പരാമവധി 50 പേരായി ചുരുക്കി. പൊതുപരിപാടികൾ ഓൺലൈനാക്കണം, പൊതുയോഗങ്ങൾ കഴിവതും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പക്ഷെ അടച്ചിടൽ ആശങ്കയുടെ വക്കിൽ നിൽക്കെ സമൂഹതിരുവാതിര സംഘടിപ്പിച്ചാണ് തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തിന് തയ്യാറെടുത്തത്.

പാറശ്ശാല ഏര്യാ കമ്മിറ്റിയിലെ 501 സ്ത്രീകൾ ആണ് സമൂഹതിരുവാതിരയില്‍ പങ്കെടുത്തത്. കാഴ്ചക്കാരായി നിരവധി പേർ എത്തിയിരുന്നു. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും കാഴ്ചക്കാരായി എത്തിയിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടിയിട്ടും പൊലീസ് ഇതൊന്നും കാണാതെ സുരക്ഷയൊരുക്കി.