അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന; ദിലീപിനെതിരായ എഫ്ഐആർ പുറത്ത്

single-img
9 January 2022

നേരത്തെ തന്നെ ഉണ്ടായിരുന്ന വൈരാഗ്യത്തി​ന്‍റെ പേരിൽ നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ കൊടുത്ത സംഭവവുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരായ എഫ്.ഐ.ആർ റിപ്പോർട്ട് പുറത്ത്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ബൈജു കെ പൗലോസിനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ ദീലിപ് പദ്ധതിയിട്ടതിന് തെളിവുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്.

ദിലീപിനെതിരായ പുതിയ കേസി​ന്‍റെ എഫ്‌.ഐ.ആര്‍ പകർപ്പാണ് മാധ്യമങ്ങൾക്ക് ലഭ്യമായിരിക്കുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്തതി​ന്‍റെ വിരോധത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. കേസിലെ ഒന്നാംപ്രതി ദിലീപാണ്. രണ്ടാം പ്രതി ദിലീപി​ന്‍റെ സഹോദരന്‍ അനൂപ്. ദിലീപി​ന്‍റെ ഭാര്യാസഹോദരനായ സുരാജാണ് മൂന്നാം പ്രതി. നാലാം പ്രതി അപ്പു, അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാമത്തെ പ്രതി കണ്ടാല്‍ അറിയാവുന്ന ആള്‍ എന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

തലസ്ഥാനത്തെ ക്രൈംബ്രാഞ്ച് പൊലീസ് സ്‌റ്റേഷനില്‍ 6/2022 ആയിട്ടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ.പി.സി 116, 118, 120 ബി, 506, 34 എന്നീ വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. 2017 നവംബര്‍ 15ന് രാവിലെ പത്തരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. ദിലീപി​ന്‍റെ ആലുവ കൊട്ടാരക്കടവിലുള്ള പത്മസരോവരം എന്ന വീട്ടിലാണ് ഗൂഢാലോചന നടന്നതെന്നും എഫ്‌.ഐ.ആറില്‍ പറയുന്നു.