ചലച്ചിത്ര നടൻ ജികെ പിള്ള അന്തരിച്ചു

single-img
31 December 2021

പ്രശസ്ത ചലച്ചിത്ര നടൻ ജികെ പിള‌ള അന്തരിച്ചു. 97 വയസുണ്ടായിരുന്ന ജികെ പിള്ള മലയാള സിനിമയിൽ ഏറ്റവും മുതിർന്ന നടനായിരുന്നു . എൺപതുകളുടെ അവസാനം വരെ സിനിമകളിൽ സജീവമായിരുന്ന അദ്ദേഹത്തെ 1954ൽ പുറത്തിറങ്ങിയ സ്‌നേഹസീമയിലൂടെയാണ് മലയാള സിനിമയിലേക്കെത്തിയത്. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്.

ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിൽ വിദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവിൽ ഇദ്ദേഹത്തോടൊപ്പം പ്രേംനസീർ, ഭരത്‌ ഗോപി, ശോഭന പരമേശ്വരൻ നായർ തുടങ്ങിയവർ ഈ സ്‌കൂളിൽ പഠിച്ചിരുന്നു.. പ്രേംനസീർ നായകനായ സിനിമകളിലാണ് ജികെ പിള‌ള വില്ലനായി ഏറ്റവും കൂടുതൽ അഭിനയിച്ചത്. സൈന്യത്തിൽ നിന്നും വിട്ടുപോന്ന ശേഷമാണ് സിനിമാപ്രവേശം. രാജ്യത്തിന്റെ സ്വാതന്ത്ര ലബ്ദിക്ക് ശേഷം വർഗീയകലാപങ്ങളിൽ മരിച്ചുവീണ മനുഷ്യരെ എടുത്തുമാറ്റാനും ലഹളക്കാരെ അടിച്ചമർത്താനും നിയോഗിക്കപ്പെട്ടവരിൽ ജി കെയും ഉണ്ടായിരുന്നു.

ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്‌നാപക യോഹന്നാൻ, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ് എന്നി ചിത്രങ്ങളിൽ തുടക്ക കാലത്തിൽ വേഷമിട്ടു. ഹിറ്റുകളായി മാറിയ കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്‌സ്‌പ്രസ് എന്നിവയിൽ പ്രധാന വില്ലൻ ജി.കെ. പിള്ളയായിരുന്നു. ജി കെ പിള്ളയുടെ ഉയരമേറിയ ശരീരപ്രകൃതവും ശബ്ദഗാഭീര്യവും വില്ലൻ വേഷങ്ങൾക്ക് കൂടുതൽ തന്മയത്വം നൽകി.