വസ്തുതകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യണം; സ്വന്തം അഭിപ്രായങ്ങളും വാര്‍ത്തകളും തമ്മില്‍ കൂട്ടികലര്‍ത്തുന്നത് അപകടകരം: ചീഫ് ജസ്റ്റിസ്

single-img
30 December 2021

ഒരു ജഡ്ജിയെ പോലെതന്നെ ഒരു മാധ്യമപ്രവര്‍ത്തകനും ശക്തമായ ധാര്‍മ്മികത ഉണ്ടായിരിക്കണമെന്നും സ്വന്തം അഭിപ്രായങ്ങളും വാര്‍ത്തകളും തമ്മില്‍ കൂട്ടികലര്‍ത്തുന്നത് അപകടകരമാണെന്ന്ന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ.

സമകാലിക സമൂഹത്തിൽ ഏറ്റുമുട്ടല്‍ രാഷ്ട്രീയത്തിന്റെയും മത്സര പത്രപ്രവര്‍ത്തനത്തിന്റെയും കൂട്ടികലര്‍ത്തലിനെക്കാളും മാരകമായ മറ്റൊന്നും ജനാധിപത്യത്തിനെതിരായി ഉണ്ടാകില്ലെന്നും ജസ്റ്റിസ് എന്‍വി രമണ പറഞ്ഞു. മഹാരാഷ്ട്രയിലെ മുംബൈയില്‍ പത്രപ്രവര്‍ത്തന രംഗത്തെ മികവിനുള്ള റെഡ് ഇങ്ക് അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ: ‘മാധ്യമപ്രവര്‍ത്തകര്‍ ഒരു അര്‍ത്ഥത്തില്‍ ജഡ്ജിമാരെപ്പോലെയാണ്. പ്രത്യയശാസ്ത്രങ്ങളും പ്രിയപ്പെട്ട വിശ്വാസങ്ങളും പരിഗണിക്കാതെയും സ്വാധീനത്തില്‍പ്പെടാതെയും മാധ്യമപ്രവര്‍ത്തകര്‍ കടമ നിര്‍വഹിക്കണം. പൂര്‍ണ്ണവും കൃത്യവുമായ ഒരു ചിത്രം നല്‍കുന്നതിന് നിങ്ങള്‍ വസ്തുതകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യണം. ഏതെങ്കിലും വിഷയത്തിൽ ഭാഗികമായി മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നതും വിഷയത്തിന് ഒരു പ്രത്യേക നിറം നല്‍കുന്നതും വലിയ പ്രശ്‌നമാണ്.

ഇക്കാര്യത്തിൽ ചെറി പിക്കിംഗ് പോലെ ഒരു പ്രത്യേക അജണ്ടയ്ക്ക് അനുയോജ്യമായ രീതിയില്‍ ഒരു സംഭാഷണത്തിന്റെ തെരഞ്ഞെടുത്ത ഭാഗങ്ങള്‍ മാത്രം സന്ദര്‍ഭത്തിന് അനുയോജ്യമല്ലാത്ത രീതിയില്‍ ഹൈലൈറ്റ് ചെയ്യാറുണ്ട്. എന്നും അദ്ദേഹം തന്റെ സംഭാഷണത്തിൽ ചൂണ്ടിക്കാട്ടി.

ഒരു പത്രപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഒരാളെന്ന നിലയില്‍, മാധ്യമപ്രവര്‍ത്തകരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എനിക്ക് മനസ്സിലാക്കാന്‍ കഴിയും. അധികാര കേന്ദ്രങ്ങളോട് സത്യം പറയുകയും സമൂഹത്തിന് മുന്നില്‍ കണ്ണാടിയാവുകയും ചെയ്യുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്, അത് നിറവേറ്റാന്‍ വളരെ പ്രയാസമാണ്. എന്നും അദ്ദേഹം പറഞ്ഞു.