പശ്ചാത്തല വികസനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അനാവശ്യ എതിര്‍പ്പുകള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ല: മുഖ്യമന്ത്രി

single-img
26 December 2021

പശ്ചാത്തല വികസന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അനാവശ്യ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ പാലായി റഗുലേറ്റര്‍ കംബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതി യാഥാര്‍ഥ്യമായതോടെ നീലേശ്വരത്തേയും പരിസര പ്രദേശങ്ങളിയും ശുദ്ധജല വിതരണത്തിനും ഗതാഗതത്തിലും വലിയ പുരോഗതിയാകും. പ്രദേശത്തെ എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധജലം ഉറപ്പു വരുത്താനാകും. ഉപ്പു വെള്ളം തടഞ്ഞു നിര്‍ത്തുന്നത് കാര്‍ഷിക മേഖലയിലും അഭിവൃദ്ധി കൈവരിക്കും.

മൈക്രോ ഇറിഗേഷന്‍ പ്രൊജക്ട് പാലക്കാടും ഇടുക്കിയിലും നടപ്പാക്കുന്നുണ്ട്. പച്ചക്കറി ക്ഷാമം വലിയ തോതില്‍ വന്നപ്പോള്‍ മറ്റു സംസ്ഥാനങ്ങളെ നാം ആശ്രയിച്ചു. സംസ്ഥാനത്ത് പച്ചക്കറിയില്‍ വലിയ സാധ്യതയുണ്ട്. പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശത്തും നല്ല മാര്‍ക്കറ്റ് ലഭിക്കും. സംസ്ഥാനത്ത് നാല് അന്താരാഷ്ട്ര വീമാനത്താവളങ്ങളിലും കാര്‍ഗോ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശ മാര്‍ക്കറ്റും സമ്പാദിക്കാനാകും.കേന്ദ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ജല ജീവന്‍ മിഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്.

ജല്‍ ജീവന്‍മിഷനോടൊപ്പം കിഫ്ബിയുടെ സഹായത്തോടെ 5000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കുടിവെള്ള പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാകുകയാണ് ലക്ഷ്യം. നമുക്ക് മെച്ചപ്പട്ട അവസ്ഥയിലേക്ക് ഉയരാനാകണം. ആരോഗ്യം, വിദ്യാഭ്യാസ, പാര്‍പ്പിടം തൊഴില്‍ ഇതിനെല്ലാം ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാവുക ഏറ്റവും പ്രധാനമാണ്. നമ്മുടെ സവിശേഷതകളാണ് കേരളത്തെ വേറിട്ട് നിര്‍ക്കുന്നത്. കാലം മുന്നേറുന്നതിന് അനുസരിച്ച് നമുക്കും മുന്നേറാന്‍ ആകണം.

പൊതുവിദ്യാലയങ്ങളുടെ ശേഷി കുറഞ്ഞപ്പോഴാണ് ലാഭേച്ഛയോടെ വന്ന വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് അവസരം ഒരുക്കിയത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ആ ദുരവസ്ഥയ്ക്ക് അന്ത്യം കുറിക്കാന്‍ സാധിച്ചു. പൊതു വിദ്യാലയങ്ങള്‍ ട്രാക്കിലായി .ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസം കേരളത്തിലെ ഏതു പാവപ്പട്ട കുട്ടിക്കും ഉന്നത അക്കാദമിക സൗകര്യം ഉറപ്പുവരുത്തി ലഭ്യമാക്കുകയാണ് സര്‍ക്കാറിന്റെ ലഷ്യം. ഉന്നത വിദ്യാഭ്യാസ ശാക്തീകരണത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു.

ആരോഗ്യ രംഗത്ത് ആര്‍ദ്രം മിഷനിലൂടെ കൈവരിച്ച ശേഷി മഹാമാരിയെ പ്രതിരോധിക്കാന്‍ നമുക്ക് കരുത്തായി. കോവിഡ് മഹാമാരിയുടെ കാലത്ത് അത്തരം പല രാഷ്ടങ്ങളും വിറങ്ങലിച്ച് വീണപ്പോള്‍ കേരളത്തിന്റെ ആരോഗ്യ ശേഷിയെ മറികടന്നുപോകാന്‍ മഹാമാരിക്ക് ആയില്ല. നാടിന്റെ ഓരോ മേഖലയും വികസിച്ച് മുന്നോട്ടു പോകണം. യുവജനങ്ങള്‍ക്ക് മികച്ച തൊഴില്‍ സൗകര്യമുണ്ടാകണം. അതിനാവശ്യമായ പശ്ചാത്തലസൗകര്യമുണ്ടാകണം

ദേശീയപാതാ വികസനം വലിയ മാറ്റമുണ്ടാക്കും. നാടിന് ആവശ്യമായ കാര്യമാണെങ്കില്‍ എതിര്‍പ്പിന്റെ കൂടെ നില്‍ക്കാന്‍ സര്‍ക്കാരിനാവില്ല. അനാവശ്യമായ എതിര്‍പ്പുകള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ല. ഭൂമി ഏറ്റെടുക്കുമ്പോള്‍ ആവശ്യമായ പുനരധിവാസപദ്ധതികള്‍ നടപ്പിലാക്കണം. ദേശീയപാതാ വികസനത്തില്‍ ഇന്ന് എല്ലാവരും സന്തുഷ്ടരാണ്

സര്‍ക്കാറില്‍ അര്‍പ്പിതമായത് നാടിനോടുള്ള ഉത്തരവാദിത്തമാണ്. ഹില്‍ ഹൈവേ, തീരദേശപാതയും നാടിന് യാത്രാ സൗകര്യം കൂട്ടും. പശ്ചാത്തല സൗകര്യവര്‍ധനവ് നാടിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്. ഇതിന് ജന പ്രതിനിധികളുടെ പിന്തുണയും സഹകരണവുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.