മുസ്ലിം ലീഗ് സമൂഹത്തിൽ വർഗ്ഗീയ നിറം പകർത്താൻ നോക്കുന്നു: മുഖ്യമന്ത്രി

single-img
26 December 2021

സമൂഹത്തിലെ വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് നേരിടുകയല്ല വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഡിപിഐയും ആർഎസ്എസും മതനിരപേക്ഷത തകർക്കുയാണെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിന്റെ തനിമ തകർക്കാനുള്ള ശ്രമം ഗൗരവമായി കാണണമെന്നും ആവശ്യപ്പെട്ടു.

മുസ്ലിം ലീഗ് നമ്മുടെ സമൂഹത്തിൽ വർഗ്ഗീയ നിറം പകർത്താൻ നോക്കുകയാണ്, നേരത്തെ വഖഫ് വിഷയത്തിൽ ഈ നീക്കമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.വഖഫ് വിഷയത്തിൽ സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും സർക്കാർ നിലപാടിനെ അംഗീകരിച്ചു. എന്നാൽ മുസ്ലിം ലീഗിന് മാത്രം ഇത് അംഗീകരിക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ നാടിൻ്റെ വികസത്തിനെതിരെ പ്രതിപക്ഷം നിൽക്കുന്നു. പല കാര്യങ്ങളും ഇപ്പൊ വേണ്ട എന്ന് അവർ പറയുന്നു. എന്നാൽ, ഇപ്പോൾ ഇല്ല എങ്കിൽ പിന്നെ എപ്പോൾ എന്നതാണ് ചോദ്യം. ​ഗെയിലും ദേശീയ പാതയും നടപ്പാക്കിയില്ലേ. ഒരു നാടിനെ ഇന്നിൽ തളച്ചിടാൻ നോക്കരുത്. അടുത്ത തലമുറയുടെ ശാപം ഉണ്ടാക്കാൻ ഇടയാക്കരുത്. നമ്മുടെ ഇച്ഛാശക്തിക്ക് മുന്നിൽ മഹാമാരിക്ക് പോലും അടിയറവ് പറയേണ്ടി വന്നു. കെ റെയിൽ പദ്ധതിയുടെ എതിർപ്പിൻ്റെ അടിസ്ഥാനം എന്താണ്. നിങ്ങളുള്ളപ്പോൾ വേണ്ട എന്നു മാത്രമാണ് യുഡിഎഫ് പറയുന്നത്. എതിർപ്പ് ഉണ്ടെന്നു കരുതി കെ റെയിലിൽ നിന്ന് പിന്മാറില്ല.- മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോൾ നമ്മുടെ രാജ്യത്ത് മത ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്നു. പലപ്പോഴും കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നോക്കി ആക്രമിക്കുന്നു. സംഘപരിവാറിനെ നേരിടാൻ അവർ മതിയെന്ന് ന്യൂനപക്ഷ വിഭാഗത്തിലെ തീവ്രവാദികൾ കരുതുന്നു. തങ്ങൾ എന്തൊക്കെയോ ചെയ്തു കളയും എന്നാണ് എസ്ഡിപിഐ കരുതുന്നത്. എന്നാൽ എസ്ഡിപിഐയും ആർഎസ്എസും പരസ്പരം വളമാകുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.