ഗുണ്ടാ ആക്രമണങ്ങളിൽ നടപടി ശക്തമാക്കി പൊലീസ്; 1,200 ഇടങ്ങളില്‍ നടന്ന മിന്നല്‍ പരിശോധനയിൽ 220 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ

single-img
24 December 2021

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ ഗുണ്ടാ ആക്രമണങ്ങളിൽ നടപടി ശക്തമാക്കി കേരളാ പൊലീസ്. മോഷണം, വീടുകയറിയുള്ള ആക്രമണം, സ്ത്രീകൾക്കു നേരെ ആക്രമണം, ഗുണ്ടാപക തുടങ്ങി കൊലപാതകം വരെ തുടർച്ചയായി നടക്കുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടികൾ ശക്തമാക്കിയത്.

ഇതിന്റെ 1,200 ഇടങ്ങളിൽ പൊലീസ് മിന്നൽ പരിശോധന നടത്തിയപ്പോൾ 220 പിടികിട്ടാപ്പുള്ളികളെയും, വാറണ്ടുള്ള 403 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഈ മാസം 14 മുതൽ 22 വരെ നടത്തിയ സ്‌പെഷ്യൽ ഓപ്പറേഷൻ വഴിയാണ് നടപടി. ഇതോടൊപ്പം 1251 പേരെ കരുതൽ തടങ്കലിലുമാക്കി.

ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താൻ 390 പരിശോധനകൾ നടത്തി. ഗുണ്ടാ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 68 കേസുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു. അവസാന രണ്ട് മാസങ്ങളായി തലസ്ഥാനത്ത് ഗുണ്ടകളും, ക്രിമിനലുകളും അഴിഞ്ഞാട്ടം തുടരുകയാണ്. പോത്തൻകോട് അച്ഛനും മകൾക്കുമെതിരായ ഗുണ്ടാ ആക്രമണമുണ്ടായതിന് പിന്നാലെ കൃത്യമായ പൊലീസ് ഇടപെടലുണ്ടാകാത്തതാണ് ആക്രമണങ്ങൾക്ക് കാരണമെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു.