അയോധ്യയിൽ വിശ്വാസികളുടെ സംഭാവനകൾ അഴിമതിക്കായി ഉപയോഗിച്ചു; നടന്നത് ബിജെപി നേതാക്കളുടെ ഭൂമി തട്ടിപ്പ്: പ്രിയങ്കാ ഗാന്ധി

single-img
23 December 2021

അയോധ്യയുടെ പേരിൽ യുപിയിൽ നടന്നത് ബിജെപി നേതാക്കളുടെ ഭൂമി തട്ടിപ്പാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംഭവം വിവാദമായപ്പോൾ മുഖ്യമന്ത്രി യോഗി അന്വേഷണം പ്രഖ്യാപിച്ചത് കണ്ണിൽ പൊടിയിടാനാണെന്നും പ്രിയങ്ക ആരോപിച്ചു.

രാമക്ഷേത്രം നിർമ്മിക്കാൻ എന്ന പേരിൽ ബിജെപി നേതാക്കളും യുപി സർക്കാരും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും പ്രിയങ്ക വിമർശിച്ചു. സാധാരണക്കാരായ ജനങ്ങളിൽ നിന്നും രാമക്ഷേത്ര ട്രസ്റ്റിനുള്ള സംഭാവനകൾ രാജ്യത്തുടനീളംനിന്ന് ശേഖരിച്ചതാണ്. അവിടെയാവട്ടെ ദലിതരുടെ ഭൂമി അപഹരിക്കപ്പെട്ടിരിക്കുകയാണ്.

അയോധ്യയിൽ നിലവിൽ കുറഞ്ഞ വിലയുള്ള ചില ഭൂമികൾ വളരെ ഉയർന്ന വിലയ്ക്കാണ് വിറ്റിരിക്കുന്നത്. വിശ്വാസികൾ നൽകിയ സംഭാവനകൾ അഴിമതിക്കായി ഉപയോഗിച്ചതിന്റെ സൂചനയാണിത് – പ്രിയങ്ക ഗാന്ധി വിമർശിച്ചു. ചില സ്ഥലങ്ങളിൽ ഒരേ ഭൂമിയുടെ രണ്ടു ഭാഗങ്ങൾ വ്യത്യസ്ത വിലയ്ക്കാണ് വിറ്റിരിക്കുന്നത്. ആർഎസ്എസ് നേതാവും രാമക്ഷേത്ര ട്രസ്റ്റിയുമായ അനിൽ മിശ്ര, അയോധ്യ മേയർ ഋഷികേശ് ഉപാധ്യായ എന്നിവരെല്ലാം ഈ ഇടപാടിന് സാക്ഷിയാണ്. സത്യത്തിന്റെയും സത്യസന്ധതയുടെയും മൂർത്തീരൂപമായ രാമന്റെ പേരിൽ അഴിമതി നടത്തി രാജ്യത്തിന്റെ മൊത്തം വികാരത്തെയാണ് ബിജെപി സർക്കാർ വ്രണപ്പെടുത്തിയിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.