മതം മാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും; മതപരിവർത്തന നിരോധനബില്ല് പാസാക്കി കർണാടക

single-img
23 December 2021

പ്രതിപക്ഷം ഉയർത്തിയ ശക്തമായ പ്രതിഷേധത്തിനിടയിലും കർണാടക സർക്കാർ മതപരിവർത്തന നിരോധനബില്ല് നിയമസഭയിൽ പാസാക്കി. മതം മാറുന്നതിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ല് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ സഭ ശബ്ദ വോട്ടോടെയാണ് പാസാക്കിയത്.

സർക്കാർ ബില്ല് പാസാക്കൽ നടപടികളിലേക്ക് കടന്നതോടെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് സഭ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. കഴിഞ്ഞചൊവ്വാഴ്ചയാണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്. തുടർച്ചയായി രണ്ട് ദിവസം നടന്ന ചർച്ചകൾക്കൊടുവിലാണ് ബില്ല് സഭ പാസാക്കിയത്. നേരത്തെ, ബില്ല് അവതരിപ്പിച്ചപ്പോൾ തന്നെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂ‍ഢലക്ഷ്യമാണ് ബില്ലിന് പിന്നിലെന്ന് പ്രതിപക്ഷം ആദ്യം മുതലേ ആരോപിക്കുകയുണ്ടായി. കോണ്‍ഗ്രസ് – ജെ‍ഡിഎസ് അംഗങ്ങള്‍ ഇന്നലെ നടുത്തളത്തിലിറങ്ങി ബില്ലിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതേസമയം, സർക്കാർ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ പ്രതിഷേധിച്ചത്.