പശുവിനെ ബിജെപി അഭിമാനമായും പ്രതിപക്ഷം പാപമായും കാണുന്നു: പ്രധാനമന്ത്രി

single-img
23 December 2021

യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ വീണ്ടും പശുരാഷ്ട്രീയം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ബിജെപി സര്‍ക്കാരുകള്‍ പശുവിനെ അഭിമാനമായി കാണുമ്പോള്‍ മറ്റുള്ളവര്‍ പാപമായാണ് കാണുന്നതെന്ന് മോദി പറഞ്ഞു.

ഇന്ന് യുപിയിലെ സ്വന്തം മണ്ഡലമായ വാരാണസിയില്‍ 870 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചുള്ള ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശുവിനേയും എരുമയേയും തമാശയായി ചിത്രീകരിക്കുന്നവര്‍ അതുമായി ജീവിക്കുന്ന നിരവധി പേരെ കാണുന്നില്ല, പശുവിനെ തങ്ങള്‍ അഭിമാനമായും പ്രതിപക്ഷം പാപമായുമാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിലെ ക്ഷീരോല്‍പാദനത്തില്‍ വൻ കുതിപ്പുണ്ടാക്കുന്ന പദ്ധതികള്‍ സർക്കാർ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങിനെ: ‘ അവസാന ആറോ ഏഴോ വര്‍ഷമായി രാജ്യത്തെ ക്ഷീരോല്‍പാദനം 45 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. ലോകത്ത് ഇന്നുള്ള ക്ഷീരോല്‍പാദനത്തിന്റെ 22 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. യുപി മാത്രമല്ല ക്ഷീരോല്‍പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം എന്നത് എന്നെ സന്തോഷവാനാക്കുന്നു,’

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഉത്തര്‍പ്രദേശിലേക്ക് ഭീമമായ ഫണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഈ മാസം ആദ്യം 339 കോടി രൂപയുടെ ക്ഷേത്ര പദ്ധതികളാണ് മോദി യുപിയില്‍ ഉദ്ഘാടനം ചെയ്തത്.