ബാഹുബലിയല്ല, ഞങ്ങളുടെ അടുത്ത എതിരാളി സ്റ്റീവൻ സ്പിൽബർഗ് ആയിരുന്നു; മരക്കാരിനെ കുറിച്ച് പ്രിയദർശൻ

single-img
21 December 2021

താൻ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന സിനിമ മത്സരിച്ചത് സ്പില്‍ബര്‍ഗിനോടാണെന്നും ഒരിക്കലും ബാഹുബലിയുമായി താരതമ്യം ചെയ്യരുതെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ഈ പ്രതികരണം.

തന്റെ സംസാരത്തിൽ സിനിമകളുടെ ഉയരുന്ന ബജറ്റിനെക്കുറിച്ചും പ്രിയദര്‍ശന്‍ ആശങ്ക അറിയിച്ചു. “മറ്റെന്തിനേക്കാളും ഈ ചിത്രത്തിന്റെ ബജറ്റിനെ കുറിച്ച് ഞാൻ സമ്മർദത്തിലായിരുന്നു. ബാഹുബലി പോലെയല്ല, അവർക്ക് വലിയ ബജറ്റും ധാരാളം സമയവുമുണ്ടായിരുന്നു. എന്നാൽ ഇവിടെ ഞങ്ങൾക്ക് ചെറിയൊരു ബജറ്റായിരുന്നു ഉണ്ടായിരുന്നത്.

ഞങ്ങളുടെ മുന്നിലുള്ള അടുത്ത എതിരാളി സ്റ്റീവൻ സ്പിൽബർഗ് ആയിരുന്നു,”- പ്രിയദര്‍ശന്‍ പറഞ്ഞു. നേരത്തെ കാലാപാനി സിനിമ എടുക്കുമ്പോഴുള്ള ചിത്രീകരണ സമയത്ത് തിരക്കഥാകൃത്ത് ടി ദാമോദരനാണ് കുഞ്ഞാലിമരക്കാരെ കുറിച്ചുള്ള സിനിമയുടെ സാധ്യതയും ആശയവും പങ്കുവെച്ചതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. കാലാപാനിയിലെ രണ്ട് സീന്‍ പോലും ചിത്രീകരിക്കാന്‍ ബുദ്ധിമുട്ടുന്ന സമയമായിരുന്നു അത്. അത് കൊണ്ടു തന്നെ ആ സമയത്ത് കൊടുങ്കാറ്റും കടൽ യുദ്ധങ്ങളും ചിത്രീകരിക്കാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.

എന്നാൽ ഇപ്പോൾ 25 വര്‍ഷങ്ങള്‍ക്കു ശേഷം കാര്യങ്ങള്‍ എല്ലാം മാറിമറിഞ്ഞു, വിഎഫ്എക്സില്‍ സാങ്കേതികവിദ്യയുടെ മാറ്റങ്ങള്‍ സംഭവിച്ചു. ഇപ്പോഴാണ് മരക്കാര്‍ എടുക്കാന്‍ പറ്റിയ ശരിയായ സമയമെന്ന് തോന്നി. ഇന്ത്യന്‍ സിനിമകളില്‍ ഇതിനു മുമ്പ് ജനങ്ങള്‍ കടല്‍ യുദ്ധങ്ങള്‍ കണ്ടിട്ടില്ലായിരുന്നു. ഞാനക്കാര്യത്തില്‍ വിജയിച്ചുവെന്ന് ഉറച്ചു വിശ്വസിക്കുന്നു”- പ്രിയൻ പറഞ്ഞു.