സിഖ് പതാകയെ അപമാനിച്ചു എന്ന് ആരോപണം; പഞ്ചാബില്‍ യുവാവിനെ ആള്‍ക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി

single-img
19 December 2021

പഞ്ചാബില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം അരങ്ങേറി. സംസ്ഥാനത്തെ കപൂര്‍ത്തലയില്‍ സിഖ് പതാകയെ അപമാനിച്ചു എന്ന് ആരോപിച്ചുകൊണ്ടു യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊലപ്പെടുത്തി.മതനിന്ദ ആരോപിച്ചാണ് കൊലപ്പെടുത്തിയത്. അവസാന 24 മണിക്കൂറിനിടെ രണ്ടാമത്തെ കൊലപാതകമാണിത്.

കഴിഞ്ഞ ദിവസമായിരുന്നു മറ്റൊരു യുവാവിനേയും മതനിന്ദ ആരോപിച്ച് പഞ്ചാബില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നത്. പ്രശസ്തമായ സുവര്‍ണക്ഷേത്രത്തില്‍ ദൈവനിന്ദ ആരോപിച്ചായിരുന്നു യുവാവിനെ ആള്‍ക്കൂട്ടം അന്ന് തല്ലിക്കൊന്നത്.

അതേസമയം, ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി സ്റ്റാഫും ദര്‍ബാര്‍ സാഹിബിലെ വിശ്വാസികളുമാണ് യുവാവിനെ പിടികൂടി ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. പൊലീസിന് ലഭിച്ച സാക്ഷിമൊഴികള്‍ പ്രകാരം, വൈകുന്നേരത്തെ പ്രാര്‍ത്ഥനാ സമയത്ത് യുവാവ് സുവര്‍ണക്ഷേത്രത്തിനുള്ളിലെ വിശുദ്ധസ്ഥാനത്തേക്ക് തടസങ്ങള്‍ മറികടന്ന് ചാടിക്കയറിയെന്നും സിഖുകാരുടെ വിശുദ്ധഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിന്റെ മുന്നില്‍ സൂക്ഷിച്ചിരുന്ന വാള്‍ കൈക്കലാക്കാന്‍ ശ്രമിച്ചെന്നുമാണ് പറയുന്നത്.