യുപി + യോഗി =ബഹുത് ഹേ ഉപയോഗി ; ഇത് ജനങ്ങള്‍ അംഗീകരിച്ച സമവാക്യം: പ്രധാനമന്ത്രി

single-img
18 December 2021

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കവേ സംസ്ഥാനത്തെ വികസനത്തിന്റെ സമവാക്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 36,230 കോടി രൂപ ചെലവ് വരുന്ന ഗംഗാ എക്‌സ്‌പ്രസ് വേ പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍വെച്ചായിരുന്നു എതിരാളികളെ പരിഹസിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ‘യുപി + യോഗി = ഉപയോഗി (UP+YOGI=UPYOGI)’ എന്ന പ്രസ്താവന.

ഇത് ജനങ്ങള്‍ അംഗീകരിച്ച ആ സമവാക്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകൾ: “ഇന്ന്.. മാഫിയകൾ ബുൾഡോസറുകളെ നേരിടുന്നു, ബുൾഡോസറുകള്‍ അനധികൃത നിർമ്മാണങ്ങള്‍ തകർക്കുന്നു, അവരെ വളർത്തിയെടുത്ത ഒരു വിഭാഗത്തിനെയാണ് ഇതെല്ലാം വേദനിപ്പിക്കുന്നത്. അതിനാലാണ് ജനങ്ങള്‍ പറയുന്നത് – ‘യുപി + യോഗി. ബഹുത് ഹേ ഉപയോഗി’ (യുപി + യോഗി വളരെ ഉപയോഗപ്രദം)”,

യുപിയിലെ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെയും അദ്ദേഹവുമായി അടുത്ത അനുയായികളുടെയും വസതികളിൽ നടന്ന ഇന്‍കംടാക്സ് വകുപ്പ് റെയ്ഡിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം.