മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ തമിഴ്നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി സുപ്രീംകോടതി

single-img
15 December 2021

മുല്ലപ്പെരിയാറിൽ നിന്നും മുന്നറിയിപ്പില്ലാതെ തമിഴ്നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന കേരളത്തിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതുപോലുള്ള വിഷയങ്ങളിൽ തീരുമാനം എടുക്കേണ്ടത് മേൽനോട്ട സമിതിയാണെന്ന് പറഞ്ഞ കോടതി, മുല്ലപ്പെരിയാര്‍ പ്രശ്നത്തിൽ കേരളവും തമിഴ്നാടും രാഷ്ട്രീയപ്പോര് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

മുന്നറിയിപ്പ് നൽകാതെ രാത്രികാലങ്ങളിൽ മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിന്ന് അധിക ജലം തമിഴ്നാട് തുറന്നുവിടുന്നത് പെരിയാര്‍ തീരത്തെ ജന ജീവിതത്തെ ബാധിക്കുന്നു എന്ന കേരളത്തിന്‍റെ പരാതിയാണ് സുപ്രീംകോടതി ഇന്ന് പരിശോധിച്ചത്.

പ്രത്യേക സാഹചര്യത്തിൽ വെള്ളം തുറന്നുവിടുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും മുന്നറിയിപ്പ് കേരളത്തിന് നൽകണമെന്നും തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് തീരുമാനിക്കാൻ ഒരു സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടപടിയെടുക്കേണ്ട മേൽനോട്ട ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവും കേരളം ഉയര്‍ത്തി.

പക്ഷെ കേരളത്തിന്‍റെ പരാതിയിൽ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. മാത്രമല്ല, മുല്ലപ്പെരിയാര്‍ വിഷയത്തിൽ കേരളത്തിനും തമിഴ് നാടിനും രാഷ്ട്രീയ താല്പര്യങ്ങൾ ഉണ്ടാകാമെന്ന വിമര്‍ശനവും കോടതി ഉയര്‍ത്തി. അതുപോലുള്ള രാഷ്ട്രീയ താല്പര്യങ്ങൾ കോടതിയിലേക്ക് കൊണ്ടുവരരുത്. കേസിൽ ജനുവരി 11ന് വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.