ലൈംഗിക തൊഴിലാളികള്‍ക്ക് വോട്ടര്‍, ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ ഉറപ്പുവരുത്തണം: സുപ്രീം കോടതി

single-img
14 December 2021

.

രാജ്യത്തെ ലൈംഗിക തൊഴിലാളികള്‍ക്ക് വോട്ടര്‍, ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ എത്രയും വേഗം ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം. ഇതിനായുള്ള നടപടി ക്രമങ്ങള്‍ ഉടൻ ആരംഭിക്കാന്‍ എല്ലാം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സുപ്രീകോടതി നിര്‍ദേശം നല്‍കി.

ഭരണഘടനാ പ്രകാരം തൊഴില്‍ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരുടേയും മൗലീകാവകാശങ്ങള്‍ക്കുള്ള സംരക്ഷണം ഉറപ്പാക്കണമെന്ന് കോടതി നിരീക്ഷിച്ചു. കോവിഡ് വൈറസ് വ്യാപനം മൂലം ലൈംഗികത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

അതേസമയം, നിലവിൽ റേഷന്‍ കാര്‍ഡില്ലെങ്കിലും ലൈംഗിത്തൊഴിലാളികള്‍ക്ക് റേഷന്‍ നല്‍കുന്നത് തുടരണമെന്നും കോടതി നിർദ്ദേശിച്ചു. ‘ഈ രാജ്യത്തെ ഓരോ പൗരനും അവന്റെ/അവളുടെ തൊഴില്‍ പരിഗണിക്കാതെ തന്നെ മൗലികാവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ട്. രാജ്യത്തെ പൗരന്മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാരിന് ബാധ്യതയുണ്ട്.

രാജ്യത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും മറ്റ് അധികാരികള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. റേഷന്‍ കാര്‍ഡുകള്‍, വോട്ടര്‍ ഐഡി കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുക,” ബെഞ്ച് ഉത്തരവിട്ടു.

നേരത്തെ ലൈംഗികത്തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ 2011ല്‍ പാസാക്കിയെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബിആര്‍ ഗവായ്, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാൽ പോലും എന്തുകൊണ്ടാണ് അത്തരം നിര്‍ദ്ദേശങ്ങള്‍ ഇതുവരെ നടപ്പിലാക്കാത്തത് എന്നതിന് വ്യകതമായ കാരണമില്ലെന്നും കോടതി നിരീക്ഷിച്ചു.