മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്; ലോകായുക്തക്ക് പരാതി നൽകും

single-img
14 December 2021

ഇതിനോടകം രാഷ്ട്രീയ വിവാദമായി മാറിയ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. മന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കാതെ പിന്നോട്ടില്ലെന്ന നിലപിടിലാണ് കോൺഗ്രസ് നേതാക്കൾ.

വിഷയത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിക്കെതിരെ ഇന്ന് ലോകായുക്തയിൽ പരാതി നൽകും. വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മന്ത്രി സ്വജനപക്ഷപാതം കാണിച്ചുവെന്നാണ് പരാതി. ഡോ. ഗോപിനാഥ് രവീന്ദ്രന് ചട്ടം ലംഘിച്ച് നിയമനം നൽകാൻ മന്ത്രി ഇടപെട്ടതിനാൽ ശക്തമായ നടപടി വേണം എന്നാണ് ആവശ്യം.

ഇദ്ദേഹത്തിന് സർവകലാശാലയിൽ പുനർ നിയമനം നൽകണമെന്ന് ശിപാർശ ചെയ്തുകൊണ്ടുള്ള മന്ത്രി ആർ ബിന്ദുവിന്റെ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യൂണിവേഴ്‌സിറ്റിയുടെ ഇപ്പോഴുള്ള അക്കാദമിക് മികവ് നിലനിർത്താൻ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്നാണ് മന്ത്രി കത്തിൽ ആവശ്യപ്പെടുന്നത്.