ഗവര്‍ണര്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി വഹിക്കേണ്ടതില്ല; ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രത്തിനയച്ച കത്ത് പുറത്ത്

single-img
13 December 2021

ഗവര്‍ണര്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി വഹിക്കേണ്ടതില്ലെന്ന ആവശ്യവുമായി മുൻ യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രസർക്കാരിന് അയച്ച കത്തിന്റെ പകര്‍പ്പ് പുറത്ത്. മദന്‍ മോഹന്‍ പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2015ന് ഓഗസ്റ്റ് 26ന് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണാണ് കേന്ദ്രത്തിന് കത്ത് നല്‍കിയത്.

2007ല്‍ രാജ്യത്തെ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാനാണ് സുപ്രീംകോടതി ജസ്റ്റിസ് എംഎം പൂഞ്ചിയെ കേന്ദ്രസര്‍ക്കാര്‍ കമ്മീഷനായി നിയമിച്ചത്. പഠന ശേഷം 2010ല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പോലുള്ള പദവികളില്‍ നിന്ന് ഗവര്‍ണര്‍മാരെ ഒഴിവാക്കണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട ശുപാര്‍ശകളിലൊന്ന്.

ഈ ശുപാര്‍ശയില്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും അഭിപ്രായം തേടി. ഇതിനെ തുടർന്ന് കേരളത്തിന്റെ അഭിപ്രായം അറിയിക്കുമ്പോഴാണ് ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണര്‍ വേണ്ടെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. രാജ്യത്തിന്റെ ഭരണഘടനാപരമായ ചുമതലയുള്ള ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കേണ്ടതില്ല, ചാന്‍സലര്‍ പദവി ഗവര്‍ണര്‍ക്ക് നല്‍കിയ തീരുമാനത്തില്‍ കാലത്തിനനുസരിച്ച് മാറ്റം വരുത്തണം തുടങ്ങിയ പരാമര്‍ശങ്ങളാണ് കത്തിൽ ഉൾപ്പെട്ടിരുന്നത്. ഇപ്പോൾ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നതിന് ഇടയിലാണ് യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന ഈ കത്തും വെളിയിൽ വരുന്നത്.