ഹിന്ദുവിനെയും ഹിന്ദുത്വത്തെയും അപകീർത്തിപ്പെടുത്താൻ ഗാന്ധി കുടുംബം ഗൂഢാലോചന നടത്തുകയാണ്: ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ

single-img
13 December 2021

രാഹുൽ ഗാന്ധി ഒരു ഹിന്ദുവും ഹിന്ദുസ്ഥാനിയുമല്ലെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പരിഹസിച്ചു. രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ ഹിന്ദുത്വവാദി പരാമർശത്തിന് മറുപടി ആയാണ് ഗൗരവ് ഇത് പറഞ്ഞത്.

ഹിന്ദുത്വ എന്ന് പറഞ്ഞാൽ സിഖുകാരെയും മുസ്ലീങ്ങളെയും കൊല്ലുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇത് ഗാന്ധി കുടുംബത്തിന് ഹിന്ദു മതത്തോടുള്ള വെറുപ്പാണ് വ്യക്തമാകുന്നതെന്നും ഭാട്ടിയ ആരോപിച്ചു.‘താൻ ഒരു ഹിന്ദുവാണെന്നും ഹിന്ദുത്വവാദിയല്ലെന്നും രാഹുൽ ഗാന്ധി പറയുന്നു. എന്നാൽ രാജ്യം പറയുന്നത് രാഹുൽ ഹിന്ദുവോ ഹിന്ദുത്വവാദിയോ ഹിന്ദുസ്ഥാനിയോ അല്ലെന്നാണ്. ഹിന്ദുവിനെയും ഹിന്ദുത്വത്തെയും അപകീർത്തിപ്പെടുത്താൻ ഗാന്ധി കുടുംബം ഗൂഢാലോചന നടത്തുകയാണ്. ഹിന്ദുത്വത്തെ തീവ്രവാദ സംഘടനകളുമായി താരതമ്യം ചെയ്യുന്നതിന് കാരണം അതാണ്’ എന്നാണ് ഗൗരവ് രാഹുലിനെ പരിഹസിച്ചു കൊണ്ട് പറഞ്ഞത്.

അധികാരത്തോട് വളരെ ആർത്തിയുള്ളവർ ഗാന്ധി കുടുംബമാണെന്ന് ഈ രാജ്യത്തെ കൊച്ചുകുട്ടിക്ക് പോലും അറിയാം എന്നും ഗൗരവ് ആരോപണം ഉയർത്തി. നമ്മുടെ രാജ്യത്തെ എല്ലാ പൗരന്മാരും, പ്രത്യേകിച്ച് ഹിന്ദുക്കൾ കോൺഗ്രസിനെ ഒരു പാഠം പഠിപ്പിക്കും. അതിനുശേഷം ഹിന്ദുമതം എന്നാൽ ത്യാഗമാണെന്ന് രാഹുൽ ഗാന്ധി അറിയും. എന്നാൽ പോലും ഗാന്ധി കുടുംബത്തിന് ഇത് ഒരിക്കലും മനസിലാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ഐക്യം രാഹുൽ ഗാന്ധിക്ക് ഇഷ്ടമാണെന്ന് ഞാൻ കരുതുന്നില്ല. പ്രസംഗങ്ങളിലൂടെ രാഹുൽ എപ്പോഴും വിഷം ചീറ്റുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം സാക്ഷ്യം വഹിക്കുന്ന പുരോഗതി നിങ്ങൾക്ക് ഇഷ്ടമല്ലെന്ന് തോന്നുന്നു.” – രാഹുലിനുള്ള മറുപടിയായി ഗൗരവ് ഭാട്ടിയ പറഞ്ഞു.