ഉന്നത ചിന്ത, ഉറച്ച പ്രവർത്തനം; യുപിയിൽ മോദിയുടെയും യോഗിയുടെയും ചിത്രവുമായി സൗജന്യ ഉപ്പും പരിപ്പും വിതരണം

single-img
12 December 2021

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എങ്ങിനെയും വിജയിക്കുക എന്ന ലക്ഷ്യത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രവുമായി സർക്കാർ വിതരണം ചെയ്യുകയാണ് സൗജന്യ ഉപ്പും പരിപ്പും. ഉപ്പ്, ഓയിൽ, വെള്ളക്കടല എന്നിവ സംസ്ഥാനത്തെ സൗജന്യ റേഷൻ പദ്ധതി വഴിയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.

80,000ത്തോളം വരുന്ന റേഷൻ കടകൾ വഴിയാണ് ആനുകൂല്യം വിതരണം ചെയ്യുക. ഇത്തരത്തിൽ നൽകുന്ന ഉത്പന്നങ്ങളുടെ പാക്കറ്റിന് പുറത്ത് ചിത്രങ്ങൾക്കൊപ്പം ‘സോചി ഇമാൻദാർ, കാം ദാംദാർ'(ഉന്നത ചിന്ത, ഉറച്ച പ്രവർത്തനം) എന്നെഴുതിയിട്ടുണ്ട്. യുപി തെരഞ്ഞെടുപ്പിന് ബിജെപി ഉപയോഗിക്കുന്ന മുദ്രാവാക്യമാണിത്.

അതേസമയം, പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നാലു മാസത്തേക്ക് കൂടി നീട്ടിയതായി 20 ദിവസം മുമ്പ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ഡിസംബർ മുതൽ 2022 മാർച്ച് വരെയാണ് കോവിഡ് കാലത്ത് തുടങ്ങിയ പദ്ധതി നീട്ടിയിരിക്കുന്നത്. ഈ പദ്ധതിയിലൂടെ അഞ്ചു കിലോ സൗജന്യ റേഷനാണ് ദേശീയ ഭക്ഷ്യ സുരക്ഷ ആക്ട് പ്രകാരം നൽകിയിരുന്നത്.

ഇതിനോടൊപ്പമാണ് ഇപ്പോൾ യുപി സർക്കാർ സൗജന്യമായി പുതിയ ആനുകൂല്യങ്ങൾ നൽകുന്നത്. ഇവ നൽകുന്നതുമായി ബന്ധപ്പെട്ട വിഡിയോകളും ചിത്രങ്ങളും സംസ്ഥാനത്താകെ പ്രചരിക്കുന്നുണ്ട്.