അമിത് ഷാ പാർലമെന്റിൽ കള്ളം പറഞ്ഞു; മാപ്പ് പറയണമെന്ന ആവശ്യവുമായി നാഗാലാൻഡിൽ ജനങ്ങളുടെ കൂറ്റൻ റാലി

single-img
11 December 2021

സുരക്ഷാ സൈനികരാൽ നാഗാലാൻഡിൽ വെടിയേറ്റ് 14 ഗ്രാമവാസികൾ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ കള്ളം പറഞ്ഞെന്നാരോപിച്ച് പ്രതിഷേധവുമായി ജനങ്ങളുടെ കൂറ്റൻ റാലി. അമിത് ഷാ പാർലമെന്റിൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയുടെ കോലവുമായി ആയിരങ്ങളാണ് ഇന്ന് നടന്ന റാലിയിൽ പങ്കെടുത്തത്.

സൈനികർ ആവശ്യപ്പെട്ടിട്ടും പ്രദേശവാസികൾ സഞ്ചരിച്ച ട്രാക്ക് നിർത്താതിരുന്നതാണ് വെടിവെപ്പിന് കാരണമെന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞത്. എന്നാൽ, ഈ പ്രസ്താവനയ്ക്കെതിരെ ബിജെപിയുടെ സംസ്ഥാന നേതാക്കൾതന്നെ ആദ്യം രം​ഗത്തെത്തിയിരുന്നു.

ഇന്ന് പ്രകടനത്തിൽ പ്രതിഷേധക്കാർ അമിത് ഷായുടെ കോലം കത്തിച്ചു. ഞങ്ങൾ ചോദിക്കുന്നത് നീതിയാണ്. ഞങ്ങൾക്ക് സഹതാപം ആവശ്യമില്ലെന്നും സത്യം വളച്ചൊടിക്കുന്നത് ദൗർഭാഗ്യകരമാണെന്നും പ്രതിഷേധക്കാർ പറയുകയുണ്ടായി. അമിത് ഷാ പാർലമെൻറിൽ ചെയ്ത പ്രസ്താവന വഴി തെറ്റായ വിവരങ്ങളാൽ ലോകത്തെ ആശയക്കുഴപ്പത്തിലാക്കുന്നു.

അമിത് ഷാ ഉടൻ പ്രസ്താവന പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. അതേസയമം നിലവിൽ ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ സൈന്യത്തിന്റെ 21–-ാം പാരാ സ്‌പെഷ്യൽ ഫോഴ്‌സിലെ സൈനികർക്കെതിരെ പോലീസ് കേസെടുക്കുകയുണ്ടായി.