രാജ്യത്തെ 25 വിമാനത്താവളങ്ങള്‍കൂടി വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ; പട്ടികയിൽ കോഴിക്കോടും

single-img
10 December 2021

ഇനിവരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 25 പ്രധാന വിമാനത്താവളങ്ങള്‍കൂടി സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങള്‍ 2022 മുതല്‍ 2025വരെയുള്ള കാലയളവിലാകും സ്വകാര്യവത്കരണ നടപടികള്‍ പൂര്‍ത്തിയാക്കുക.

കേന്ദ്ര വ്യോമയാന സഹമന്ത്രി വികെ സിങ്ങാണ്‌ ലോക്‌സഭയില്‍ ഈ വിവരം അറിയിച്ചത്. നിലവിൽ നടത്തുന്നപോലെ കേന്ദ്ര സര്‍ക്കാരിന്റെ ആസ്തി വിറ്റഴിക്കല്‍ പദ്ധതിയില്‍പ്പെടുത്തിയാണ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നത്.

ഭൂവനേശ്വര്‍, വാരണാസി, അമൃത്സര്‍, തിരുച്ചിറപ്പിള്ളി, ഇന്‍ഡോര്‍, റായ്പൂര്‍, കോഴിക്കോട്, കോയമ്പത്തൂര്‍, നാഗ്പൂര്‍, പട്‌ന, മധുര, സൂറത്ത്, റാഞ്ചി, ജോധ്പൂര്‍, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാല്‍, തിരുപ്പതി, ഹുബ്ലി, ഇംഫാല്‍, അഗര്‍ത്തല, ഉദയ്പൂര്‍, ഡെറാഡൂണ്‍, രാജമുണ്ട്രി എന്നീ എയര്‍പോര്‍ട്ടുകളാണ് പദ്ധതിക്കു കീഴില്‍ വരുന്നത്.

പ്രധാനമായും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ നാലു ലക്ഷത്തിലേറെ പേര്‍ യാത്ര ചെയ്ത എയര്‍ പോര്‍ട്ടുകളെയാണ് ഇതിനായി പരിഗണിച്ചത്. തിരുച്ചിറപ്പിള്ളി ഉള്‍പ്പടെ 13 വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലുമാകും പ്രവര്‍ത്തിക്കുക. വിറ്റഴിക്കൽ പദ്ധതി നടപ്പില്‍ വന്നാലും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കു തന്നെയായിരിക്കും ഈ വിമാനത്താവളങ്ങളുടെ ഉടമസ്ഥത. അഹമ്മദാബാദ്‌, ജയ്പൂര്‍, ലഖ്‌നൗ, ഗുവാഹട്ടി, തിരുവന്തപുരം, മംഗളുരു എന്നീ വിമാനത്താവളങ്ങള്‍ ഇപ്പോള്‍തന്നെ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് പ്രവര്‍ത്തിക്കുന്നത്.