മധ്യപ്രദേശിൽ ഖനിയില്‍ നിന്നും ആദിവാസി തൊഴിലാളി കണ്ടെടുത്തത് 60 ലക്ഷം രൂപ വിലവരുന്ന വജ്രം

single-img
8 December 2021

മധ്യപ്രദേശിലെ ആദിവാസി തൊഴിലാളിയായ മുലായം സിങിനെ ഇപ്പോൾ വാർത്തകളിൽ എത്തിച്ചത് കണ്ടെത്തിയ വജ്രത്തിന്‍റെ രൂപത്തിലായിരുന്നു. മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലെ ലോകപ്രശസ്തമായ പന്ന വജ്ര ഖനിയില്‍ നിന്നാണ് മുലായത്തിന് വജ്രം കിട്ടിയത്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇദ്ദേഹം കണ്ടെത്തിയ വജ്രത്തിന് 13.54 കാരറ്റ് ഭാരമുണ്ടെന്നും ഇതിന് കുറഞ്ഞത് 60 ലക്ഷം രൂപ വിലവരുമെന്നും ഡയമണ്ട് ഇൻസ്പെക്ടർ അനുപം സിംഗ് പറയുന്നു. കൃഷ്ണ കല്യാൺപൂർ പ്രദേശത്തെ ആഴം കുറഞ്ഞ ഖനികളിൽ നിന്നാണ് സിംഗ് ഈ വിലയേറിയ കല്ല് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം വ്യത്യസ്ത ഭാരങ്ങളുള്ള ആറ് വജ്രങ്ങളും ഇവിടെ നിന്നും കണ്ടെടുത്തു. ഈ ആറ് വജ്രങ്ങളിൽ രണ്ടെണ്ണത്തിന് യഥാക്രമം 6 കാരറ്റും 4 കാരറ്റും ഭാരവും മറ്റുള്ളവയ്ക്ക് യഥാക്രമം 43, 37, 74 സെന്‍റ്സും ഭാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വജ്രങ്ങളുടെ ആകെ മൂല്യം ഒരു കോടി രൂപ കടന്നേക്കും.

ശരിയായ വില ലേലത്തിൽ അറിയാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, വജ്രം ലേലത്തിൽ വിറ്റുകിട്ടുന്ന പണം മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്ന് മുലായം സിങ് പറഞ്ഞു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വജ്ര ഖനി പന്നയിലാണ്. പന്ന ഗ്രൂപ്പ് എന്ന പേരിൽ ഇവിടെ ഏക്കറുകണക്കിനാണ് ഇത്തരം വലുതും ചെറുതുമായ ഖനികൾ വ്യാപിച്ചു കിടക്കുന്നത്. ഖനികളിൽ നിന്നും ലഭിക്കുന്ന വജ്രങ്ങളും ശേഖരിച്ച് അവ ലേലം നടത്തുന്നത് ഇവിടുത്തെ ജില്ലാ ജഡ്ജിയാണ്.