അനിൽ അംബാനിയുടെ റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി റിസർവ് ബാങ്ക്

single-img
30 November 2021

അനിൽ അംബാനിയുടെ കീഴിലുള്ള റിലയൻസ് ക്യാപിറ്റൽ പാപ്പരായതായി പ്രഖ്യാപിക്കാൻ നടപടി ആരംഭിച്ച്‌ റിസർവ് ബാങ്ക്. കമ്പനി കടമെടുത്ത തുക തിരിച്ചടയ്ക്കുന്നതിൽ തുടർച്ചയായി വീഴ്ചവരുത്തിയതിനാൽ ഭരണസമിതി അസാധുവായതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചു.

ഇതിനെ തുടർന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ വൈ നാഗേശ്വര റാവുവിനെ കമ്പനി അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും ചെയ്തു. വായ്പാ തിരിച്ചടവ് മുടക്കിയ കമ്പനിയിൽ “ഗുരുതര ഭരണപ്രശ്നം’ ഉള്ളതായി റിസർവ് ബാങ്ക് വാർത്താ കുറിപ്പിൽ ചൂണ്ടിക്കാട്ടി. നിലവിൽ അഡ്മിനിസ്ട്രേറ്ററെ പാപ്പരത്വപ്രക്രിയ ആരംഭിക്കുന്നതിന് ചുമതലപ്പെടുത്താൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ മുംബൈ ബെഞ്ചിന് റിസർവ് ബാങ്ക് ഇനി അപേക്ഷ നല്കും.

അതേസമയം, ലോകത്തെ അതിസമ്പന്ന പട്ടികയിൽ ആറാം സ്ഥാനത്തുവരെ എത്തിയ അനിൽ അംബാനി 2020 ഫെബ്രുവരിയിൽ ബ്രിട്ടീഷ് കോടതിയിൽ പാപ്പര്സ്യൂട്ട് ഫയൽ ചെയ്തിരുന്നു. വളരെ ദുരൂഹമായ നീക്കമായ് ഇതിനെ രാജ്യാന്തര ധനകാര്യമാധ്യമങ്ങൾ കാണിക്കുകയും ചെയ്തിരുന്നു. 58,000കോടി രൂപയുടെ റഫാൽ യുദ്ധവിമാനക്കരാറിൽ അനിൽ അംബാനി തട്ടിക്കൂട്ടിയ പ്രതിരോധനിർമാണ കമ്പനി റിലയൻസ് ഡിഫൻസിന് ശതകോടികളുടെ ഉപകരാർ ലഭിച്ചതും ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു..