ഒമിക്രോണ്‍ വകഭേദം; വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ കേരളം

single-img
27 November 2021

ദക്ഷിണാഫ്രിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. കേന്ദ്ര സർക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും.

രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ് എന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഈ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരെ കൂടുതല്‍ നിരീക്ഷിക്കുന്നതായിരിക്കും.

ഇതിനായി എല്ലാ എയര്‍പോര്‍ട്ടുകളിലും കൂടുതല്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നു. ഇത്തരത്തിൽ എത്തുന്നവർ കര്‍ശനമായി 7 ദിവസം ക്വാറന്റൈനിലിരിക്കണം. പിന്നീട് ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. മാത്രമല്ല ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ സംശയമുള്ള സാമ്പിളുകള്‍ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനയ്ക്കായി അയക്കുമെന്നും മന്ത്രി അറിയിച്ചു.