ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉൾപ്പെടുത്തണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

single-img
27 November 2021

ഒന്നാം ക്ലാസ് മുതല്‍ ഇന്ത്യന്‍ ഭരണഘടന പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. നാം നമ്മുടെ അവകാശങ്ങളെ കുറിച്ച് പറയുമ്പോള്‍ ആരും കടമകളെ കുറിച്ച് ഓര്‍ക്കാറില്ല. അധികാരികള്‍ പലപ്പോഴും ഭരണഘടനയില്‍ നിന്നും വ്യതിചലിക്കുന്നതായും ജസ്റ്റിസ് ദേവന്‍ സൂചിപ്പിച്ചു.

കേരള സര്‍വകലാശാല സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.’ലോകത്തെ എഴുതപ്പെട്ടതിൽ ഏറ്റവും മികച്ച ഭരണഘടനയാണ് നമ്മുടേത്. എന്നാല്‍ അതിനെപ്പറ്റി ആര്‍ക്കും വേണ്ട ധാരണയില്ല. ഇന്ത്യന്‍ ഭരണഘടന രൂപീകരിക്കാന്‍ എടുത്ത പ്രയത്‌നത്തെക്കുറിച്ച് മനസിലാക്കാന്‍ പുതിയ തലമുറ തയ്യാറാകണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യയിൽ ജുഡീഷ്യല്‍ ആക്ടിവിസം നിലനില്‍ക്കുന്നുണ്ടെന്ന വാദങ്ങളേയും അദ്ദേഹം തളളിപ്പറഞ്ഞു. ഇന്ത്യൻ ഭരണഘടനാ പ്രകാരം ഒരു കോടതിക്കും ഈ അധികാരം പ്രയോഗിക്കാന്‍ സാധിക്കില്ല. യുഎസിൽ സുപ്രീംകോടതി അധികാരങ്ങള്‍ വിധിയിലൂടെ കൈവരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇവിടെ ഇന്ത്യയില്‍ എല്ലാ അധികാരങ്ങളെക്കുറിച്ചും ഭരണഘടനയില്‍ നിര്‍വചിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

നമ്മുടെ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് നമ്മള്‍ സ്ഥിരമായി സംസാരിക്കുന്നു. പക്ഷേ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളുടെ അടിസ്ഥാനമെന്തെന്ന് അറിയില്ലെന്നും അന്നത്തെ സാമൂഹിക സാഹചര്യങ്ങള്‍ പ്രതിഫലിക്കുന്നതാണ് രാജ്യത്തിന്റെ ഭരണഘടനയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്തെ ഒറ്റ ചരടില്‍ ചേര്‍ത്തുകെട്ടുക പ്രയാസം നിറഞ്ഞതാണ്. എന്നാല്‍ അങ്ങനെ ചേര്‍ത്തുവച്ച ആശയസംഹിതയാണ് ഭരണഘടന.

കമ്യൂണിസ്റ്റ് നേതാവായിരുന്ന എംഎന്‍ റോയ് ആണ് ഭരണഘടനാ അസംബ്ലി എന്ന നിര്‍ദേശം ആദ്യമായി മുന്നോട്ട് വച്ചത്. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന നമ്മള്‍ തന്നെ നിര്‍മ്മിക്കുമെന്നും ബ്രിട്ടീഷുകാര്‍ മുന്നോട്ട് വയ്ക്കുന്ന ഭരണഘടന ആവശ്യമില്ലെന്നുമാണ് അക്കാലത്ത് ചര്‍ച്ച ചെയ്തത്. അത് തടയാന്‍ ആവില്ലെന്ന് ബ്രിട്ടീഷ് ഭരണകൂടം മനസിലാക്കി. അങ്ങനെയാണ് ഭരണഘടനാ നിര്‍മ്മാണ സഭയുടെ തുടക്കം.

ഭരണഘടനാ അസംബ്ലിയില്‍ പതിനഞ്ച് വനിതകള്‍ ഉണ്ടായിരുന്നത് അന്നത്തെ സാഹചര്യത്തില്‍ വലിയ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം ഉള്ളിടത്തോളം കാലംവരെ നിലനില്‍ക്കുന്ന ഭരണഘടനയാണ് സംവാദത്തിലൂടെ നിര്‍മ്മിച്ചത്. അടുത്ത നൂറ്റാണ്ടിലേക്കും രാജ്യത്തെ നയിക്കാന്‍ കഴിയുന്നതാണ് നമ്മുടെ ഭരണഘടന. സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള മൗലികാവകാശം ഭരണഘടന പത്തൊന്‍പതാം അനുച്ഛേദത്തിലൂടെ ഉറപ്പുനല്‍കുന്നു. എന്നാല്‍ അതിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നില്ല.

ഭരണഘടനയുടെ പതിനേഴാം അനുച്ഛേദത്തിലൂടെ ഇല്ലാതാക്കിയ അയിത്തത്തിന്റെ പുതിയ വ്യാഖ്യാനമാണ് ശബരിമല സ്ത്രീപ്രവേശന വിധിയുടെ അടിസ്ഥാനം. മൗലിക അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് ബോധവാനായിരിക്കണം. ഇതിനായി ഗവേഷണങ്ങള്‍ നടത്തണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.