ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ട് ; മൈക്ക് ഓൺ ആണെന്നറിയാതെ കോൺഗ്രസ് നേതാക്കൾ സംസാരിച്ചത് വിവാദമാകുന്നു

single-img
25 November 2021

കർണാടകയിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ വൈറലാകുന്നു. ഇതോടെ കർണാടകയിൽ വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസം 31ന് ഇന്ദിരാഗാന്ധിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ നിന്നാണ് ഇരുവരുടെയും സംഭാഷണങ്ങൾ പുറത്തെത്തിയത്.

എന്തുകൊണ്ടാണ് ഈ ചടങ്ങിൽ സർദാൽ വല്ലഭായ് പട്ടേലിന്റെ ചിത്രമില്ലെന്ന് സിദ്ധരാമയ്യ ചോദിക്കുന്നുണ്ട്. ‘ഇന്ദിരാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ ഞങ്ങൾ ഒരിക്കലും പട്ടേലിന്റെ ചിത്രം സൂക്ഷിക്കില്ല’ എന്നാണ് ഇതിനോട് പ്രതികരിച്ചുകൊണ്ട് ശിവകുമാർ പറയുന്നത്. ബിജെപിയിൽ നിന്നുള്ള വിമർശനത്തെ പേടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ അവിടെയുള്ള സ്റ്റാഫിനോട് സർദാർ പട്ടേലിന്റെ ചിത്രവും ഒപ്പം വെക്കാൻ നിർദേശിക്കുകയായിരുന്നു ശിവകുമാർ. എന്നാൽ, മൈക്ക് ഓൺ ആണെന്നറിയാതെയായിരുന്നു ഇരുവരും സംസാരിച്ചത്. ഈ സംഭാഷണമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട അതേ ദിനത്തിലാണ് സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനവും.രാജ്യത്തിന്റെ പ്രഥമ ഉപപ്രധാനമന്ത്രിയായിരുന്ന പട്ടേലിന്റെ ചിത്രം ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നായിരുന്നുസിദ്ധരാമയ്യയുടെ ചോദിച്ചത്. ഈ സംഭവത്തിന്റെ വീഡിയോ ബിജെപി എംഎൽഎ രേണുകാചാര്യയാണ് ആദ്യം പുറത്തു വിട്ടത്.

‘നെഹ്‌റുവിന്റെ രാജവംശം സർദാർ പട്ടേലിനെ എത്രമാത്രം വെറുത്തിരുന്നുവെന്ന് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ, ഈ വീഡിയോ അത് ഇല്ലാതാക്കുന്നു’ എന്നായിരുന്നു ഈ വീഡിയോയിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ട്വീറ്റ് ചെയ്‌തത്.