ഹോട്ടൽ ഉടമ അൻസിക്കും സുഹൃത്തുക്കൾക്കും മദ്യവും മയക്കുമരുന്നും നൽകി; റിമാൻഡ് റിപ്പോർട്ടിൽ പോലീസ്

single-img
19 November 2021

കൊച്ചിയിൽ മുൻ മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ കാറപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച്‌ പൊലീസ്. നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാട്ട് അൻസിക്കും സുഹൃത്തുക്കൾക്കും മദ്യവും മയക്കുമരുന്നും നൽകിയെന്നാണ് പൊലീസ് ആരോപിക്കുന്നത്.

ഈ വിവരം പുറത്ത് വരാതിരിക്കാനാണ് റോയി ഹാർഡ് ഡിസ്ക് നശിപ്പിച്ചത്. ഇക്കാര്യം അന്വേഷണത്തിൽ കണ്ടത്തിയെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്ഥാപനത്തിൽ ഡി.ജെ. പാർട്ടിക്കായി ഒത്തുകൂടിയ മുൻ മിസ് കേരള ആൻസി കബീർ, മിസ് കേരള മുൻ റണ്ണറപ്പ് അൻജന ഷാജൻ, അബ്ദുൾ റഹ്മാൻ എന്നിവരുമായി റോയിക്ക് മുൻ പരിചയമുണ്ടായിരുന്നു.

എന്നാൽ കെ.എ മുഹമ്മദ് ആഷിഖിനെ മാത്രമാണ് റോയി ആദ്യമായി പരിചയപ്പെടുന്നത്. പരിചയം പുതുക്കിയ റോയി അൻസി കബീറിനും സുഹൃത്തുക്കൾക്കും ഡി.ജെ. നടന്ന സ്ഥലത്തുവെച്ചോ ഒന്ന്, രണ്ട് നിലയിൽ വെച്ചോ മദ്യമോ മയക്കുമരുന്നോ കൊടുത്തെന്നാണ് പൊലീസിന്റെ ആരോപണം.

ഡി ജെ പാർട്ടി നടന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ ആണ്. റൂഫ് ടോപ്പിലെ സിസിടിവി ക്യാമറയിലെക്കുള്ള വൈദ്യുതി ഉച്ചക്ക് 3.45 ന് തന്നെ വിഛേദിച്ചിരുന്നു. പാർട്ടിക്കിടെ റോയിയും സൈജുവും തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് ഹോട്ടലിൽ താമസിക്കാൻ നിർബന്ധിച്ചു.

ഹോട്ടലിന് പുറത്തിറങ്ങിയപ്പോൾ സൈജുവും റോയിയും ഇക്കാര്യം വീണ്ടും സംസാരിച്ചു. ഹോട്ടലിൽ തന്നെ ഒരു പാർട്ടി കൂടി കൂടാം എന്ന് പറഞ്ഞു. എന്നാൽ അവർ അത് നിരസിച്ച് കാറിൽ യാത്രയായി. കാർ കുണ്ടന്നൂരിലെത്തിയപ്പോൾ സൈജു പിന്തുടരുന്നത് കണ്ട് റഹ്മാൻ കാർ നിർത്തി. അവിടെ വെച്ച് ഹോട്ടലിലോ ലോഡ്ജിലോ മുറി ബുക്ക് ചെയ്യാമെന്ന് സൈജു നിർബന്ധിച്ചു. യുവതികളും സുഹുത്തുക്കളും ഇത് സമ്മതിച്ചില്ല. പിന്നീട് അമിത വേഗതയിൽ പോയ കാറിനെ സൈജുവിന്റെ കാർ പിന്തുടർന്നു. ഇതോടെയാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.