‘മരക്കാർ’ വരുന്നു എന്ന് പറഞ്ഞുകൊണ്ട് കുറുപ്പ് തിയേറ്ററിൽ നിന്നും പിടിച്ച് മാറ്റാൻ തിയേറ്റർ ഉടമകൾ സമ്മതിക്കില്ല: ഫിയോക്ക് പ്രസിഡന്റ്

single-img
13 November 2021

ദീർഘകാലം നിലനിന്ന കൊവിഡ് പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്തെ തീയേറ്ററുകൾ തുറന്ന് പ്രവർത്തിച്ചാൽ പഴയ ഓളം തീയേറ്ററിൽ ഇനിയുണ്ടാകുമോയെന്ന ആശങ്ക സിനിമാപ്രവർത്തകരും ആരാധകരും ഒരുപോലെ പങ്കുവച്ചിരുന്നു.പക്ഷെ ഈ ആശങ്കകളെ പൂർണ്ണമായും തള്ളുന്ന പുതിയ കണക്കാണ് ഫിയോക്ക് പ്രസിഡന്റും തീയേറ്റർ ഉടമയുമായ വിജയകുമാർ ഇപ്പോൾ മാധ്യമങ്ങളോട് പറഞ്ഞത്.

കുറുപ്പ് ആദ്യ ദിനത്തിൽ കേരളത്തിൽ 505 തീയേറ്റുകളിലും ലോകമെമ്പാടും 1500 സ്‌ക്രീനുകളിലുമാണ് കുറുപ്പ് ഷോ നടത്തിയത്. രാത്രി 12 മണിക്ക് ശേഷവും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അഡീഷണൽ ഷോ നടത്തുകയും ചെയ്തു. കുറുപ്പിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷൻ കേരളത്തിൽ മാത്രം ആറ് കോടി മുപ്പത് ലക്ഷം രൂപയാണ്,ഇതിൽ തന്നെ മൂന്നരക്കോടിയോളം നിർമ്മാതാവിന്റെ വിഹിതവും. ഈ തുക കേരളത്തിൽ ഇതുവരെയുണ്ടാകാത്ത സർവകാല റെക്കോഡാണെന്നും അദ്ദേഹം പറഞ്ഞു.

‘ വരുന്ന 25 ദിനങ്ങൾ എങ്കിലും മികച്ച റിപ്പോർട്ട് നൽകി കുറുപ്പ് പോകും എന്ന് ഉറപ്പാണ്. ഇനി മരക്കാർ വരുന്നു എന്ന് പറഞ്ഞുകൊണ്ട് കുറുപ്പ് തിയേറ്ററിൽ നിന്നും പിടിച്ച് മാറ്റാൻ തിയേറ്ററർ ഉടമകൾ സമ്മതിക്കില്ല. കാരണം കുറുപ്പ് നേട്ടം കൊയ്യുന്നുണ്ട്.

നവംബർ 24ന് സുരേഷ് ഗോപിയുടെ കാവൽ കൂടി എത്തുന്നുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ മരക്കാറിന് വേണ്ടി തിയേറ്ററുകൾ എല്ലാം ഒഴിച്ചുകാെടുക്കാൻ സാദ്ധ്യമല്ല. പടം കളക്ഷൻ ഉണ്ടാക്കുന്നുണ്ടെങ്കിൽ തിയേറ്ററിൽ തന്നെ തുടരും. എന്നാൽ, നേരത്തെ കുറുപ്പിന് പകരം ഇത്ര തിയേറ്ററിൽ മരക്കാർ എത്തിയിരുന്നെങ്കിൽ ഇതിലും വലിയ നേട്ടം കൊയ്യാമായിരുന്നു എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.

അക്കാര്യം പറഞ്ഞപ്പോൾ അന്ന് അത് ആരും കേട്ടില്ല. 500 തിയേറ്റർ, 15 കോടി ഡെപ്പോസിറ്റ്, 21 ദിവസം മിനിമം റൺ ഓഫർ ഞങ്ങൾ ചെയ്‌തതാണ്. എന്നിട്ടും അന്ന് അവർ തയാറായില്ല. അങ്ങനെയിരിക്കെയാണ് കുറുപ്പ് വന്നത്. ഈ പറഞ്ഞതൊക്കെ ഞങ്ങൾ കുറുപ്പിന്‌ കൊടുത്തു. അതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നത്. മറ്റുള്ളവർക്ക് ഇതൊരു പാഠമാകട്ടെ എന്നാണ് പറയാനുള്ളത്. സിനിമ തിയേറ്ററിനുള്ളതാണ്. അത് തിയേറ്ററിൽ കളിക്കണം. ഏത് പ്രതിസന്ധിയിലും ജനമെത്തും. നല്ലതാണെങ്കിൽ അവർ വിജയിപ്പിക്കും.”- വിജയകുമാർ പറഞ്ഞു.