ടി 20 ക്രിക്കറ്റില്‍ വേഗത്തില്‍ 2500 റണ്‍സ്; വിരാട് കോലിയെ പിന്നിലാക്കി ബാബര്‍ അസം

single-img
11 November 2021

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയെ വീണ്ടും പിന്തള്ളി പാകിസ്താന്‍ നായകന്‍ ബാബര്‍ അസം .ഇതോടൊപ്പം ട്വന്റി 20 ക്രിക്കറ്റില്‍ അപൂര്‍വ റെക്കോഡ് സ്വന്തമാക്കി സഹതാരം മുഹമ്മദ് റിസ്വാന്‍ കൂടി വാർത്തകളിൽ ഇടംനേടി.

ഇന്ന് നടന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയാണ് ഇരുവരും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയത്. അന്താരാഷ്‌ട്ര ടി 20 ക്രിക്കറ്റില്‍ വേഗത്തില്‍ 2500 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡാണ് ബാബര്‍ സ്വന്തമാക്കിയത്. കരിയറിലെ 62-ാം ഇന്നിങ്‌സിലാണ് ബാബര്‍ ഈ നേട്ടം കുറിച്ചത്. ഇതിലൂടെ 68 ഇന്നിങ്‌സില്‍ നിന്ന് 2500 റണ്‍സ് നേടിയ കോഹ്ലിയെയാണ് ബാബര്‍ പിന്തള്ളിയത്.

മാത്രമല്ല, ഈ ടൂര്‍ണമെന്റിനിടെ തന്നെ നേരത്തെ കോലിയില്‍ നിന്ന് മറ്റൊരു റെക്കോഡും ബാബര്‍ സ്വന്തമാക്കിയിരുന്നു. ടീമിന്റെ നായകൻ എന്ന നിലയില്‍ വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം എന്ന റെക്കോഡാണ് അന്ന് സ്വന്തമാക്കിയത്.

മറുവശത്താവട്ടെ ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ മറ്റാര്‍ക്കും സാധിക്കാത്ത നേട്ടമാണ് റിസ്വാന്‍ ഇന്നു നേടിയത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി 20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരം എന്ന റെക്കോഡാണ് റിസ്വാന്‍ നേടിയത്. ഇതുവരെ ആര്‍ക്കും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല.