ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014-ല്‍ മോദി വന്നശേഷം; കങ്കണയുടെ പരാമർശത്തിൽ രാജ്യദ്രോഹ കേസ് എടുക്കണം: ആം ആദ്മി

single-img
11 November 2021

രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നടി കങ്കണ റണാവത്തിനെതിരെ കേസ് എടുക്കണമെന്ന് ആം ആദ്മി പാര്‍ട്ടി. ഈ ആവശ്യവുമായി എഎപി മുംബൈ പൊലീസില്‍ പരാതി നൽകുകയും ചെയ്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014-ല്‍ മോദി വന്നശേഷം ആണെന്നും, 1947-ല്‍ ലഭിച്ചത് ഭിക്ഷയാണെന്നും കങ്കണ പറഞ്ഞിരുന്നു.

നടിയുടെ ഈ പരാമര്‍ശത്തിനെതിരെയാണ് എഎപി പരാതി നല്‍കിയത്. കങ്കണയുടെ പ്രസ്താവന രാജ്യദ്രോഹവും പ്രകോപനപരവുമാണെന്ന് എഎപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രീതി ശര്‍മ്മ മേനോന്‍ ആരോപിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷന്‍ 504, 505, 124 എ പ്രകാരം രാജ്യദ്രോഹപരവും പ്രകോപനപരവുമായ പ്രസ്താവനകള്‍ക്ക് റണാവത്തിനെതിരെ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഈ പ്രസ്താവനയെ എഎപി ശക്തമായി അപലപിക്കുന്നു എന്നും പ്രീതി ട്വീറ്റില്‍ എഴുതി. കഴിഞ്ഞ ദിവസം ബിജെപി ലോക്സഭ അംഗം വരുണ്‍ ഗാന്ധിയും റണാവത്തിന്റെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു.