സിനിമ സര്‍ഗ്ഗാത്മക പ്രവര്‍ത്തനം; സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്; യൂത്ത് കോണ്‍ഗ്രസ് സമരങ്ങളെ തള്ളി കെ സുധാകരൻ

single-img
9 November 2021

റോഡുകൾ തടഞ്ഞില്ല സിനിമാ ചിത്രീകരണം തടയാനുള്ള യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തിന് എതിരെ കെപിസിസി. ജോജുവിന് എതിരെ നടത്തുന്ന പ്രതിഷേധം സിനിമ മേഖലയാകെ പടര്‍ത്തരുതെന്ന് കെ സുധാകരന്‍ നിർദ്ദേശം നൽകി. സിനിമ എന്നത് ഒരു സര്‍ഗ്ഗാത്മക പ്രവര്‍ത്തനമാണെന്നും ഇത് സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉണ്ടെന്നും സുധാകരന്‍ ഇന്ന് നടന്ന യോഗത്തില്‍ വ്യക്തമാക്കി.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രം തടഞ്ഞുള്ള സിനിമാ ഷൂട്ടിംഗ് തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തെ തള്ളി നേരത്തെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും രംഗത്തെത്തിയിരുന്നു. സിനിമകളുടെ ചിത്രീകരണം തടയമെന്ന തീരുമാനമെടുത്തിട്ടില്ലെന്നും ലൊക്കേഷനുകളിലേക്ക് തങ്ങളാരും പോകില്ലെന്നും മുഹമ്മദ് ഷിയാസ് പറയുകയും ചെയ്തിരുന്നു.

അതേസമയം, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയുമുള്ള സിനിമ ചിത്രീകരണം എറണാകുളം ജില്ലയില്‍ ഇനി അനുവദിക്കില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി നേരത്തെ പറഞ്ഞിരുന്നത്.