ഗ്രാമപഞ്ചായത്തുകളുടെ ആസ്തികള്‍ സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പിന്‍വലിക്കണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

single-img
5 November 2021

വിത്തെടുത്ത് കുത്തുന്ന നിലപാടുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് രാജ്യത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളും സ്വന്തം ആസ്തികള്‍ സ്വകാര്യമേഖലയ്ക്ക് വിറ്റഴിച്ച് വിഭവ സമാഹരണം നടത്തണമെന്നുള്ള നിര്‍ദേശമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ തീറെഴുതുക എന്നത് അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കാനുള്ള നീക്കമാണ് കേന്ദ്ര പഞ്ചായത്തീരാജ് സെക്രട്ടറിയുടെ നിര്‍ദേശത്തിന് പിന്നിലുള്ളതെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ വിവിധ വികസന പരിപാടികള്‍ നടപ്പാക്കുന്നതിന്റെ മേല്‍നോട്ടം വഹിക്കുന്ന ഗ്രാമസഭകളെ കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായെന്നുള്ള കുറിപ്പോടെ കേന്ദ്ര സെക്രട്ടറി അയച്ച സര്‍ക്കുലറില്‍ ഗ്രാമസഭകള്‍ മാസം തോറും പരിഗണിക്കാനായി നിര്‍ദേശിച്ച 71 വിഷയങ്ങളില്‍ ഗ്രാമസഭകള്‍ക്കുള്ള അജണ്ടകളില്‍ ഒന്നായാണ് ആസ്തികളുടെ വില്‍പ്പനാ നിര്‍ദേശം.

കേന്ദ്ര സര്‍ക്കാരിന്റെ ആസ്തി വില്‍പ്പന പരിപാടി തയ്യാറാക്കിയ നീതി ആയോഗ് തന്നെയാണ് പഞ്ചായത്തുകളുടെ ആസ്തി വിറ്റഴിക്കാനും നിര്‍ദേശിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടി രാജ്യത്തിന്റെ ഹൃദയങ്ങളായ ഗ്രാമപഞ്ചായത്തുകളെ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

അധികാര വികേന്ദ്രീകരണ പ്രക്രിയയ്ക്കും ജനകീയാസൂത്രണത്തിനും പകരം കോര്‍പ്പറേറ്റ് അജണ്ടകള്‍ തോന്നുംപടി നടപ്പിലാക്കുന്ന അധികാര കേന്ദ്രങ്ങളായി ഗ്രാമപഞ്ചായത്തുകളെ മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്തുകളുടെ ആസ്തി വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ഭരണഘടനയേയും ജനാധിപത്യത്തേയും അട്ടിമറിക്കുന്ന ഈ നീക്കത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതികരിക്കണമെന്നും വിവാദ നിര്‍ദേശം പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അഭ്യര്‍ത്ഥിച്ചു.