ജോജുവിനെ തെരുവില്‍ ആക്രമിച്ചിട്ടും ‘അമ്മ’ പ്രതികരിച്ചില്ല; സെക്രട്ടറി ആരേ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നതെന്ന് ഗണേഷ് കുമാർ

single-img
4 November 2021

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടൻ ജോജു ജോർജും കോൺ​ഗ്രസും തമ്മിലുണ്ടായ വിവാദത്തിൽ താരസംഘടന ‘അമ്മ’യ്ക്കെതിരെ കെ ബി ഗണേഷ് കുമാർ എംഎൽഎ. ജോജുവിനെ പരസ്യമായി തെരുവില്‍ ആക്രമിച്ചിട്ടും അമ്മ പ്രതികരിച്ചില്ലെന്നും അമ്മയുടെ സെക്രട്ടറി ആരേ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നതെന്നും ഗണേഷ് കുമാർ ചോദിച്ചു. മാത്രമല്ല,അമ്മയുടെ സമീപനം മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

താൻ സംഘടനയുടെ മീറ്റിങ്ങില്‍ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം സംഭവത്തില്‍ കോൺ​ഗ്രസിനെയും ​ഗണേഷ് കുമാര്‍ വിമർശിച്ചു. സ്ത്രീകളെ ഉപയോഗിച്ച് തന്നെ കുടുക്കാന്‍ മുമ്പ് കോൺഗ്രസ് ശ്രമിച്ചിരുന്നു എന്നായിരുന്നു ഗണേഷിന്റെ വിമര്‍ശനം.

അതേസമയം, ജോജു ജോര്‍ജിന്‍റെ വാഹനം തകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒത്തുതീർപ്പിനൊരുങ്ങുകയാണ് കോൺഗ്രസ്. കേസിൽ അന്വേഷണം മുറുകി നേതാക്കൾ അറസ്റ്റിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് സമവായ നീക്കം.