ഇന്ധന വില വര്‍ദ്ധനവ് പ്രവര്‍ത്തകരെയും നേതാക്കളെയും പ്രതിസന്ധിയിലാക്കുന്നു; പരാതിയുമായി ബിജെപി സംസ്ഥാന നേതൃയോഗം

single-img
3 November 2021

രാജ്യത്തെ ഇന്ധന വില വര്‍ദ്ധനവ് പ്രവര്‍ത്തകരെയും നേതാക്കളെയും പ്രതിസന്ധിയിലാക്കുന്നുവെന്ന പരാതിയുമായി ബിജെപി സംസ്ഥാന നേതൃയോഗം. പ്രവർത്തനത്തിനായി ഇറങ്ങുന്നിടത്തൊക്കെ പ്രതിരോധമായി ഇന്ധനവില വര്‍ധന ജനങ്ങള്‍ ഉയര്‍ത്തുന്നതായി യോഗത്തില്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

ബിജെപിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ സാന്നിധ്യത്തിലായിരുന്നു അംഗങ്ങളുടെ പരാതി. എന്നാൽ, ഇപ്പോഴത്തെ വില വര്‍ദ്ധ ന താല്‍ക്കാലികമാണെന്നും ഉടനെ പരിഹാരം കാണുമെന്നും സന്തോഷ് മറുപടി നല്‍കി. മാത്രമല്ല, കേരള ബിജെപിയില്‍ നടക്കുന്നതൊക്കെ ദേശീയ നേതൃത്വത്തിനു ബോധ്യമുണ്ടെന്നും അച്ചടക്കലംഘനം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

കേരളത്തിലെ ബിജെപിയെ നന്നാക്കാനെന്ന പേരില്‍ നേതൃത്വത്തിനെതിരെ പ്രസ്താവനകളും സമൂഹ മാധ്യമ പോസ്റ്റും പ്രചരിപ്പിക്കുന്നതു ദുരുദ്ദേശ്യപരമാണ്. ഇത്തരക്കാരെ നിരീക്ഷിക്കുമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ബിജെപി നേതാക്കള്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ മാത്രം ശ്രദ്ധിച്ചിട്ടു കാര്യമില്ല. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നും മാസത്തിന്റെ അവസാനയാഴ്ച എല്ലാ നേതാക്കളും ബൂത്തുകളില്‍ പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.