അനുപമയുടെ ഹേബിയസ് കോര്‍പസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി
മാതാവായ തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം.വിഷയത്തിൽ കുടുംബക്കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ ഉയർന്ന കോടതി കേസ് പരിഗണിക്കേണ്ട കാര്യമില്ല.
മാത്രമല്ല, നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലാണെന്ന് പറയാനാകില്ല. ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിയ്ക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. നേരത്തെ, കുഞ്ഞിനെ ഹാജരാക്കാന്‍ തിരുവനന്തപുരം പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കോടതിയെ സമീപിച്ചത്.
അനുപമ ഹര്‍ജി പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ തള്ളുമെന്നും ഹൈക്കോടതി പറഞ്ഞു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ അനുപമയ്‌ക്ക് കോടതി സമയം നൽകുകയും ചെയ്തു. തന്റെ അച്ഛന്‍ ജയചന്ദ്രനും അമ്മ സ്മിത ജെയിംസും ചേര്‍ന്ന് തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ മാറ്റിയെന്നാണ് ഹര്‍ജിയിലെ ആരോപണം.